ശ്രീനഗർ : ജമ്മു കശ്മീരിൽ നിന്നും ഹിന്ദുക്കളെ തുടച്ചുനീക്കാൻ ലക്ഷ്യമിട്ട് ഭീകരവാദികൾ ആക്രമണം ശക്തമാക്കുന്നതായി സൂചനകൾ. 16 കശ്മീരി പണ്ഡിറ്റുകളാണ് ഈ വർഷം കശ്മീരിൽ കൊല്ലപ്പെട്ടത്. പോലീസുകാരും അദ്ധ്യാപകരും ഗ്രാമത്തലവന്മാരും ഇതിൽ ഉൾപ്പെടും. ജമ്മു കശ്മീരിനെ ഇന്ത്യയിൽ നിന്നും അടർത്തിമാറ്റാൻ തന്ത്രങ്ങൾ മെനയുന്ന രാജ്യവിരുദ്ധ ശക്തികളാണ് സാധാരണക്കാർക്കെതിരെ ഇത്തരം ആക്രമണങ്ങൾ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്നത്. കശ്മീർ ഡിജിപി ദിൽബാഗ് സിംഗ് ആണ് ഇക്കര്യം അറിയിച്ചത്.
കശ്മീർ താഴ്‌വരയിലെ വിവിധ ഇടങ്ങളിൽ ആക്രമണങ്ങൾ നടത്തുന്നതിലൂടെ തങ്ങളുടെ സാന്നിദ്ധ്യം തെളിയിക്കാനാണ് ഭീകരർ ശ്രമിക്കുന്നത്. കശ്മീരി പണ്ഡിറ്റുകളെ ലക്ഷ്യം വെച്ച് നടത്തുന്ന ഇത്തരം ആക്രമണങ്ങൾക്ക് പിന്നിൽ അവരെ വംശത്തോടെ ഇല്ലാതാക്കുക എന്ന ലക്ഷ്യമാണുളളത്. ഇത്തരം ആക്രമണങ്ങൾ നടത്തുന്ന ഭീകരരെ സുരക്ഷാ സേന പിടികൂടാറുണ്ടെന്നും ഡിജിപി അറിയിച്ചു.
നിരായുധരായ പോലീസുകാരെയും നിരപരാധികളായ പൗരന്മാരെയും രാഷ്‌ട്രീയക്കാരെയും, സ്ത്രീകൾ ഉൾപ്പെടെ ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള നിരപരാധികളെയുമാണ് ഭീകരർ ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇത് അവരുടെ തന്ത്രമാണ്. പിസ്റ്റൾ പോലെ കയ്യിൽ കൊണ്ട് നടക്കാൻ പറ്റുന്ന ആയുധങ്ങളാണ് ഇതിന് ഉപയോഗിക്കുക. പരിശീലനം ലഭിച്ച് പുറത്തിറങ്ങിയ തീവ്രവാദികളായിരിക്കും ഇത്തരം പ്രവർത്തനങ്ങൾ നടത്തുക എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഈ വർഷം ആദ്യം മുതലുള്ള കണക്ക് പ്രകാരം മൂന്ന് സർപഞ്ചുമാർ ഉൾപ്പെടെയുളള പഞ്ചായത്ത് അംഗങ്ങൾ വെടിയേറ്റ് മരിച്ചിരുന്നു. ഏപ്രിൽ 4 ന്, കശ്മീരി പണ്ഡിറ്റായ ബാല് കൃഷ്ണനെ, ചൗതിഗാം ഷോപ്പിയാനിലെ വീടിന് സമീപത്ത് വെച്ച് തീവ്രവാദികൾ കൊലപ്പെടുത്തി. ജമ്മു കശ്മീരിന് പുറത്ത് നിന്നുള്ള തൊഴിലാളികൾക്കും ആക്രമണത്തിൽ പരിക്കേറ്റു.
പ്രധാനമന്ത്രി പുനരധിവാസ പാക്കേജിന് കീഴിൽ പ്രവർത്തിക്കുന്ന ജമ്മു കശ്മീർ റവന്യൂ വകുപ്പിലെ ഒരു കശ്മീരി പണ്ഡിറ്റ് ജീവനക്കാരനെ, ബുദ്ഗാമിലെ ചദൂരയിലുള്ള അദ്ദേഹത്തിന്റെ ഓഫീസിനുള്ളിൽ വെടിവെച്ച് കൊന്നു. ഇത് വ്യാപക പ്രതിഷേധത്തിന് കാരണമായി.
മെയ് 25 ന് ഒരു കശ്മീരി ടിവി അഭിനേതാവിനെ അവളുടെ വീടിനുള്ളിൽവെച്ച് ഒന്നിലധികം തവണ വെടിവച്ചു കൊലപ്പെടുത്തി. ഇവരുടെ കൊലപാതകിയെ സുരക്ഷാ സേന വകവരുത്തി.
ചൊവ്വാഴ്ച, സാംബയിൽ നിന്നുള്ള ഒരു അദ്ധ്യാപികയായ രജ്‌നി ബാലയ്‌ക്ക് നേരെയും ഭീകരർ ആക്രമണം നടത്തി. കുൽഗാമിലെ സ്‌കൂളിലേക്ക് പോകുന്ന വഴിയിൽ വെച്ചാണ് ഭീകരർ ഇവരെ വെടിവെച്ച് കൊലപ്പെടുത്തിയത്.
Comments