ന്യൂഡൽഹി : കശ്മീരിൽ സാധാരണക്കാർക്ക് നേരെ തുടർച്ചയായി നടക്കുന്ന ഭീകരാക്രമണങ്ങൾക്കെതിരെ പ്രതിഷേധവുമായി കശ്മീരിൽ സിവിൽ സൊസൈറ്റി സംഘടനകൾ രംഗത്ത്. കശ്മീരിനെ താലിബാനാക്കാനാണ് ശ്രമം നടത്തുന്നത് എന്നും താഴ്വരയിലെ ഇസ്ലാമികവത്ക്കരണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. ജന്തർ മന്തറിന് മുന്നിൽ നിരാഹാര സമരം നടത്തിയാണ് ഇവർ പ്രതിഷേധിക്കുന്നത്.
കശ്മീരിലെ ഇസ്ലാമികവത്ക്കരണം അവസാനിപ്പിക്കണം. താഴ്‌വരയെ താലിബാനാക്കാനുള്ള ഭീകരരുടെ ശ്രമങ്ങളാണ് നടക്കുന്നത്. ആളുകൾ കൈയ്യിൽ നിരന്തരം തോക്കും പിസ്റ്റളും വെച്ച് നടക്കുന്നു. കശ്മീരി ഹിന്ദുക്കളെ ലക്ഷ്യം വെച്ചാണ് ആക്രമണങ്ങൾ നടക്കുന്നത് എന്നും പ്രതിഷേധക്കാർ പറഞ്ഞു.
ഇത്തരത്തിൽ കശ്മീരി ഹിന്ദുക്കളെ വേട്ടയാടി കൊലപ്പെടുത്തുന്ന പ്രവണത ഭീകര സംഘടനകൾ അവസാനിപ്പിക്കണം. ഇല്ലെങ്കിൽ തൊണ്ണൂറുകളിൽ താഴ് വരയിൽ സംഭവിച്ചത് വീണ്ടും നടക്കുമെന്നും സംഘടന വ്യക്തമാക്കി.
കഴിഞ്ഞദിവസം മാത്രം കശ്മീർ താഴ്‌വരയിൽ മൂന്ന് ഭീകരാക്രമണങ്ങളാണ് ഉണ്ടായത്. ആക്രമണത്തിൽ ഒരു ബാങ്ക് മാനേജറും ഇതര സംസ്ഥാന തൊഴിലാളിയും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. നേരത്തെ കുൽഗാമിലെ സ്‌കൂൾ അദ്ധ്യാപികയെയും ഭീകരർ കൊലപ്പെടുത്തിയിരുന്നു. മെയ് മാസം ആരംഭിച്ചതിന് പിന്നാലെയാണ് ഭീകരാക്രമണം തുടർക്കഥയായത്. ഇതിൽ കൂടുതലും ലക്ഷ്യമിടുന്നത് കശ്മീരി പണ്ഡിറ്റുകളെയാണ്.
ഇത് സംബന്ധിച്ച് ചർച്ച നടത്താൻ ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്നലെ ഉന്നത തല യോഗം ചേർന്നിരുന്നു. ഭീകര പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ ഉത്തരവിട്ട അമിത് ഷാ കശ്മീരിലെ ജനങ്ങളും സുരക്ഷ ഉറപ്പാക്കാനും നിർദ്ദേശം നൽകി.
Comments