തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള വിതരണം അനിശ്ചിതത്വത്തിലായതോടെ കടുത്ത പ്രതിഷേധവുമായി തൊഴിലാളി സംഘടനകൾ. ഇന്ന് മുതൽ കെഎസ്ആർടിസി ജീവനക്കാരുടെ അനിശ്ചിതകാല സമരം. എല്ലാ മാസവും അഞ്ചാം തിയതിയ്ക്കകം ശമ്പളം നൽകണമെന്ന കരാർ സർക്കാർ ലംഘിച്ചതോടെയാണ് തൊഴിലാളികൾ സമരത്തിലേക്ക് നീങ്ങുന്നത്.
ഈ മാസം 20 ന് മുമ്പ് ശമ്പളം നൽകുവാൻ സാധിക്കില്ലെന്നായിരുന്നു കെഎസ്ആർടിസി മാനേജ്മെന്റ് തൊഴിലാളികളെ അറിയിച്ചത്. തുടർന്നാണ് ബിഎംഎസ് അടക്കമുള്ള സംഘടനകൾ ശക്തമായ സമരത്തിനൊരുങ്ങുന്നത്. ശമ്പള വിതരണത്തിലെ അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് തൊഴിലാളികളെ സമര മുഖത്തേയ്ക്ക് നയിക്കുന്നത്. സിഐടിയുവും സമരത്തിൽ പങ്കാളികളാവും. അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനാണ് സിഐടിയുവിന്റെയും തീരുമാനം. കൂടാതെ, കെഎസ്ആർടിസി നവീകരണത്തിനായി ബദൽ രേഖയും സിഐടിയു ഇന്ന് മുന്നോട്ട് വെയ്ക്കും.
ഡിപ്പോകൾ കേന്ദ്രീകരിച്ചാണ് ബിഎംഎസിന്റെ സമര പ്രതിഷേധങ്ങൾ. എഐടിയുസി നാളെ മുതൽ മഹാ കൺവെൻഷനുകൾ സംഘടിപ്പിക്കും. ശമ്പള വിതരണവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി മാനേജ്മെന്റ് കഴിഞ്ഞ ദിവസം വിളിച്ച യോഗങ്ങൾ തൊഴിലാളി സംഘടനകൾ ബഹിഷ്കരിച്ചിരുന്നു. ശമ്പളം വൈകുന്നത് അംഗീകരിക്കാൻ കഴിയില്ല എന്നാതായിരുന്നു തൊഴിലാളികൾ വ്യക്തമാക്കിയത്.
Comments