ന്യൂഡൽഹി: ആംആദ്മി നേതാവും ഡൽഹി ആരോഗ്യമന്ത്രിയുമായ സത്യേന്ദ്ര ജെയിന്റെ വീട്ടിൽ ഇഡിയുടെ റെയ്ഡ്. കള്ളപ്പണ കേസിൽ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ജെയ്‌നിനെതിരെ അന്വേഷണം തുടരുന്നതിന്റെ ഭാഗമായാണ് പരിശോധന. മെയ് 30-നായിരുന്നു ജെയ്‌നിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. മന്ത്രിയുടെ 4.81 കോടി സ്വത്തുക്കളും ഇഡി കണ്ടുകെട്ടി. ജൂൺ ഒമ്പത് വരെ അദ്ദേഹം ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും.
2015-16 കാലഘട്ടത്തിൽ കൊൽക്കത്ത ആസ്ഥാനമായുള്ള കമ്പനിക്ക് വേണ്ടി സത്യേന്ദ്ര ജെയിൻ ഹവാല ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. 56 കള്ളക്കമ്പനികളുടെ പേരിൽ 16.39 കോടി കള്ളപ്പണമായി ഉണ്ടാക്കിയെന്നും ഇഡി പറയുന്നു. കൂടാതെ 2017 ഓഗസ്റ്റിൽ ജെയിനിനെതിരെ കള്ളപ്പണക്കേസും സിബിഐ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അനധികൃത സ്വത്തുസമ്പാദനമാണ് സിബിഐ ആരോപിക്കുന്നത്. അഴിമതി രഹിതമാണെന്ന് ആവർത്തിക്കുന്ന ആംആദ്മി പാർട്ടിക്ക് ആരോഗ്യമന്ത്രിയുടെ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട അറസ്റ്റ് തലവേദനയാകുകയാണ്.
Comments