ന്യൂഡൽഹി: ചാനൽ പരാമർശത്തിന്റെ പേരിൽ മതമൗലികവാദികളിൽ നിന്നും വധഭീഷണി നേരിടുന്ന മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയ്ക്കും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കി ഡൽഹി പോലീസ്. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന നൂപുർ ശർമ്മയുടെ പരാതിയിൽ ഡൽഹി പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണവും ആരംഭിച്ചു.
പത്ത് ദിവസങ്ങൾക്ക് മുൻപ് ടെലിവിഷൻ സംവാദത്തിനിടയിൽ നൂപുർ ശർമ്മ നടത്തിയ പരാമർശമാണ് മതമൗലികവാദികൾ ഏറ്റുപിടിച്ച് വിവാദമാക്കിയത്. ചർച്ചയിൽ പങ്കെടുത്ത മുസ്ലീം നേതാവ് ശിവലിംഗത്തിനും വിഗ്രഹാരാധനയ്ക്കും എതിരെ നടത്തിയ വർഗീയ പരാമർശങ്ങൾക്ക് മറുപടി നൽകിയ നൂപുർ ശർമ്മ, ചില ഇസ്ലാമിക ഗ്രന്ഥങ്ങളെ ആസ്പദമാക്കി ഉന്നയിച്ച ചില പരാമർശങ്ങൾ ചിലർ വിവാദമാക്കി മാറ്റുകയായിരുന്നു.
പരാമർശത്തിന്റെ പശ്ചാത്തലത്തിൽ നൂപുർ ശർമ്മയ്ക്കെതിരെ ബിജെപി നടപടി സ്വീകരിച്ചിരുന്നു. നൂപുർ ശർമ്മ നൽകിയ മറ്റൊരു പരാതിയിൽ ഇരു സമുദായങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തിയ കുറ്റത്തിന് നിരവധി പേർക്കെതിരെ 153എ വകുപ്പ് പ്രകാരം ഡൽഹി പോലീസ് കേസെടുത്തിരുന്നു. പരാതിയിൽ ട്വിറ്ററിന് പോലീസ് നോട്ടീസ് അയച്ചിരുന്നു.
Comments