തിരുവനന്തപുരം: സ്വർണക്കടത്തുകേസിൽ കൂടുതൽ വിവാദങ്ങൾ ഉയരുമ്പോൾ പ്രതികരണവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്. സ്വർണക്കടത്ത് കേസിനു പിന്നിൽ കളിക്കുന്ന ഉപജാപകരോട് കല്ലിൽ കടിച്ചാൽ പല്ലു പോകുമെന്നേ പറയാനുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. സംശയമുണ്ടെങ്കിൽ ലാവലിൻ ഉപജാപകരോട് ചോദിച്ചു നോക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഈ ആരോപണങ്ങളും വിവാദങ്ങളുമൊന്നും മുഖ്യമന്ത്രിയെയോ സിപിഐഎമ്മിനെയോ ഒരിഞ്ചുപോലും ബാധിക്കാൻ പോകുന്നില്ല. അങ്ങനെ വല്ല മോഹവും ആർക്കെങ്കിലുമുണ്ടെങ്കിൽ വലിയ നിരാശ നിങ്ങളെ കാത്തിരിപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കള്ളം പറയാൻ ഒരുളുപ്പുമില്ലാത്ത കളങ്കബാധിതരും അവരുടെ പിന്നിൽ കളിക്കുന്ന ഉപജാപകരും അവരുടെ ആശ്രിതരായ ഏതാനും മാദ്ധ്യമപ്രവർത്തകരും എത്ര തന്നെ വിയർപ്പൊഴുക്കിയാലും പിണറായി വിജയനും സിപിഎമ്മിനും ഒന്നും സംഭവിക്കില്ലെന്ന് ഈ കേസിൽ പലവട്ടം തെളിഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ പ്രതിപക്ഷ നേതാവ് തീയൂതിയെന്നുവെച്ച് ഈ പഴങ്കഞ്ഞി ബിരിയാണിയാവുമോ? എന്ന് അദ്ദേഹം പരിഹസിച്ചു.
Comments