പാലക്കാട്: വീട്ടമ്മയുടെ കുളിമുറിയിൽ ഒളി ക്യാമറവെച്ച് നഗ്ന ചിത്രങ്ങൾ പകർത്തിയ സംഭവത്തിൽ പ്രതിയായ സിപിഎം പ്രവർത്തകനെതിരെ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കടാംകോട് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കണ്ടെത്താനുള്ള ശ്രമമാണ് പോലീസ് ഊർജ്ജിതമാക്കിയത്. കഴിഞ്ഞ ദിവസമാണ് ഇയാൾ വീട്ടമ്മ കുളിയ്‌ക്കുന്നതിനിടെ ജനാലവഴി മൊബൈൽ ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്.
സംഭവത്തിൽ പാലക്കാട് സൗത്ത് പോലീസാണ് അന്വേഷണം നടത്തുന്നത്. മൊബൈൽ ക്യാമറയിൽ നഗ്നചിത്രങ്ങൾ പകർത്തുന്നത് പിടിക്കപ്പെട്ടതോടെ ഷാജഹാൻ ഒളിവിൽ പോകുകയായിരുന്നു. യുവതി ബഹളം വെച്ചതിനെ തുടർന്ന് ഓടുന്നതിനിടെ ഷാജഹാൻ മൊബൈൽ ഫോൺ ഉപേക്ഷിച്ചിരുന്നു. അതുകൊണ്ടു തന്നെ ലൊക്കേഷൻ നോക്കി പ്രതി എവിടെയെന്ന് കണ്ടെത്തുന്നതിനും പോലീസിന് സാധിച്ചിട്ടില്ല. ഇയാളുടെയും ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും വീടുകൾ നിരീക്ഷണത്തിലാണ്. ഇയാൾ പോകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളും പോലീസ് കാവലിലാണ്.
ജോലി കഴിഞ്ഞുവന്ന് രാത്രി കുളിക്കാൻ കയറിയപ്പോഴായിരുന്നു ഷാജഹാൻ കുളിമുറിയിലെ ജനൽ വഴി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്. അനക്കം കേട്ട് ജനലിലേക്ക് നോക്കിയപ്പോഴാണ് മൊബൈൽ ഫോൺ കണ്ടത്. ഉടനെ നിലവിളിക്കുകയായിരുന്നു. ഇതോടെ ഷാജഹാൻ ഓടി രക്ഷപ്പെട്ടു. ഓടുന്നവഴിയ്‌ക്ക് ഇയാളുടെ മൊബൈൽ താഴെ വീഴുകയായിരുന്നു.
സംഭവ ശേഷം വീട്ടമ്മ സഹായത്തിനായി വിളിച്ചത് ഷാജഹാന്റെ ഫോണിലേക്കാണ്. ഫോൺ സ്വന്തം വീട്ടിൽ നിന്നും റിംഗ് ചെയ്യുന്നതുകേട്ടതോടെയാണ് സംഭവത്തിന് പിന്നിൽ ഷാജഹാൻ ആണെന്ന് വ്യക്തമായത്. തുടർന്ന് മൊബൈലുമായി വീട്ടമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു.
ലൈഫ് മിഷൻ നടപടി ക്രമങ്ങളുമായി ബന്ധപ്പെട്ടാണ് വീട്ടമ്മ ഷാജഹാനെ പരിചയപ്പെടുന്നത്. സംഭവത്തിൽ നീതി കിട്ടുന്നതുവരെ പോരാടുമെന്ന് വീട്ടമ്മ ജനം ടിവിയോട് പ്രതികരിച്ചിരുന്നു.
Comments