ആപ്പിൾ കറി ഇന്ത്യയുടെ ദേശീയ ഭക്ഷണം: പുലിവാല് പിടിച്ച് പാചക പുസ്‌കത്തിലെ പരാമർശം

Published by
Janam Web Desk

ന്യൂഡൽഹി: ഇന്ത്യയിലെ സംസ്‌കാരത്തോളം തന്നെ വിദേശീയർക്ക് പ്രിയപ്പെട്ടതാണ് ഇന്ത്യൻ രുചികളും. മസാലക്കൂട്ടുകൾ സമ്മേളിക്കുന്ന ഇന്ത്യൻ വിഭവങ്ങൾക്ക് ആരാധകർ ഏറെയാണ്. മധുരവും എരിവും പുളിയും എല്ലാം സമ്മേളിക്കുന്നതാണ് ഇന്ത്യൻ വിഭവങ്ങൾ. അത് കൊണ്ട് തന്നെ നമ്മുടെ രാജ്യത്തിന് ദേശീയ വിഭവം എന്നൊന്നില്ല. എന്നാൽ ഒരു പാചകപുസ്തകത്തിൽ ഇന്ത്യയുടെ എന്നും പറഞ്ഞ് ഒരു കറി അവതരിപ്പിച്ചത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.

ഒരു സമൂഹമാദ്ധ്യമ ഉപയോക്താവാണ്’ഫേമസ് ഫോറിൻ നാഷണൽ ഡിഷസ്’ എന്ന പുസ്തകത്തിലെ ഒരു പേജിന്റെ ചിത്രം പങ്കുവെച്ച് ചർച്ചയ്‌ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. അതിലാണ് ഇന്ത്യയുടെ ദേശീയവിഭവമായി ഒരു കറിയെ അവതരിപ്പിച്ചിരിക്കുന്നത്. ഉത്തരേന്ത്യയിലെ ഏതെങ്കിലും കറിയായിരിക്കും എന്ന് പറയാൻ വരട്ടെ, നമ്മളുടെ ചിന്തയിൽക്കൂടി പോലും കടന്നുവരാത്ത ഒരു കറിയാണ് പാചകക്കുറിപ്പിലുള്ളത്. ആപ്പിൾ ഉപയോഗിച്ചു കൊണ്ടുള്ള കറിയെ കുറിച്ചാണ് പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത്. വിചിത്രം തന്നെ അല്ലേ? ആപ്പിൾ കൊണ്ട് ഒരു കറിയോ അതും ഇന്ത്യയിൽ?

ഈ ആപ്പിൾ കറി എങ്ങനെ ഉണ്ടാക്കണം എന്ന് വായിക്കുമ്പോഴും സംഗതി വിചിത്രമായി തോന്നാം. ആപ്പിളും സവോളയും തൊലി കളഞ്ഞ് മുറിച്ച് രണ്ട് ടേബിൾ സ്പൂൺ വെണ്ണയ്‌ക്കൊപ്പം ഫ്രയിങ് പാനിലേക്ക് ഇടണം. ഇത് പിന്നീട് മറ്റ് ചേരുവകൾക്കൊപ്പം ചേർത്താണ് കറി ഉണ്ടാക്കുന്നത്. എന്നാൽ ആപ്പിൾ വച്ച് ഇങ്ങനെ കറിയുണ്ടാക്കില്ലെന്നും അത് കൊള്ളില്ലെന്നും ഇന്ത്യയിൽ ഇങ്ങനെ ഒരു വിഭവത്തെക്കുറിച്ച് കേട്ടുകേൾവി പോലും ഇല്ലെന്നാണ് ആളുകൾ ചൂണ്ടിക്കാണിക്കുന്നത്. ഇത്രയധികം രുചികരമായ ഇന്ത്യൻ വിഭവങ്ങൾ ഉണ്ടായിട്ടും ആപ്പിൾകറി മാത്രമേ ദേശീയ ഭക്ഷണമാക്കി അവതതരിപ്പിക്കാൻ കഴിഞ്ഞുള്ളോ എന്നും ആളുകൾ തമാശയായി ചോദിക്കുന്നുണ്ട്. എന്തായാലും ആപ്പിൾ കറിയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ സമൂഹമാദ്ധ്യമങ്ങളിൽ പൊടി പൊടിക്കുകയാണ്.

Share
Leave a Comment