കോഴിക്കോട്: കറുത്ത മാസ്ക് അഴിപ്പിക്കരുതെന്ന് പോലീസിന് നിർദ്ദേശം. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത മാസ്ക് ധരിച്ചെത്തുന്നവരുടെ മാസ്ക് ഊരിമാറ്റാൻ പാടില്ലെന്ന് പോലീസിന് ഉന്നതതലത്തിൽ നിന്ന് നിർദ്ദേശം. സുരക്ഷാ മേല്‍നോട്ട ചുമതലയുള്ള ഐ ജി അശോക് യാദവാണ് ഡിവൈഎസ്പിമാര്‍ക്ക് മാസ്ക് അഴിക്കാൻ പാടില്ല എന്ന നിർദ്ദേശം നൽകിയത്.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴികളിലും കറുത്ത മാസ്ക് ധരിക്കുന്നവരെയും കറുത്ത വസ്ത്രം ധരിക്കുന്നവരെയും വിലക്കിയതും കറുത്ത മാസ്ക് ധരിച്ചെത്തിയവരുടെ മാസ്ക് മാറ്റിയതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. മുഖ്യമന്ത്രിക്ക് കറുപ്പ് കണ്ടാൽ എന്താണിത്ര പ്രശ്നമെന്നും പ്രതിപക്ഷ പാർട്ടികൾ ചോദിച്ചു. കറുപ്പ് പാടില്ല എന്ന തീരുമാനത്തോട് പ്രതിപക്ഷ പാർട്ടികൾ കറുപ്പ് വസ്ത്രവും മാസ്കും ധരിച്ച് വിവിധ ഇടങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
അതേസമയം, ജനങ്ങളെക്കൊണ്ട് കറുത്ത മാസ്ക് അഴിപ്പിക്കണമെന്ന് സര്‍ക്കാര്‍ തലത്തില്‍ യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചത്. കോഴിക്കോടും മലപ്പുറത്തും ജനങ്ങള്‍ കറുത്ത മാസ്ക് ധരിച്ചെത്തുന്നത് വിലക്കിയത് വിവാദമായിരുന്നു. കറുത്ത മാസ്കോ വസ്ത്രങ്ങളോ ധരിക്കരുതെന്ന് പൊലീസ് നിര്‍ദേശമുണ്ടെന്നാണ് സംഘാടകര്‍ പറയുന്നത്.
Comments