കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയില്‍ പ്രതിഷേധം അറിയിച്ച് കോൺഗ്സിന്റെ മാർച്ച്. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കള്ളപ്പണക്കേസിൽ ഇ.ഡി നോട്ടീസ് അയച്ചതിൽ പ്രതിഷേധിച്ചാണ് കേരളത്തില്‍ തിങ്കളാഴ്ച കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ഇ.ഡി ഓഫീസ് മാര്‍ച്ച് നടത്തുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് നെഹ്റു കുടുംബത്തെ അവഹേളിക്കുകയാണ് കേന്ദ്ര സർക്കാർ എന്നാണ് കോൺഗ്രസ് വാദം. തുടര്‍ച്ചയായി അപകീര്‍ത്തിപ്പെടുത്താനുള്ള മോദി സര്‍ക്കാരിന്റെ നീക്കമാണ് നോട്ടീസെന്നും കോൺഗ്രസ് ആരോപിക്കുന്നു.
എഐസിസിയുടെ ആഹ്വാനമനുസരിച്ച് എറണാകുളം, കോഴിക്കോട് ഡയറക്ടറേറ്റുകളിലേക്ക് മാര്‍ച്ച് നടത്തും. എറണാകുളം ഇഡി ഓഫീസിലേക്ക് നടക്കുന്ന മാര്‍ച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും, കോഴിക്കോട് ഇഡി ഓഫീസിലേക്ക് നടക്കുന്ന മാര്‍ച്ച് രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യും. എല്ലാ ജില്ലകളിലേയും കോൺഗ്രസ് നേതാക്കളും പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കും.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ജൂൺ 23ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർദ്ദേശം. കേസിൽ ജൂൺ 8ന് ഹാജരാകാൻ സോണിയ ഗാന്ധിയോട് നേരത്തെ ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൊറോണ പോസിറ്റീവ് ആയതോടെ സോണിയ ഗാന്ധി സാവകാശം തേടുകയായിരുന്നു. ഇത് ഇഡി അംഗീകരിച്ചിരുന്നു.
Comments