കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കണ്ണൂരിൽ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പ് കോളേജ് ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാനാകും പിണറായി വിജയൻ എത്തുക. എന്നാൽ സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ ആരംഭിച്ച പ്രതിഷേധം ഇന്നും തുടരും. സ്വന്തം സ്ഥലത്തെത്തുന്ന മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം കനപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
10.30 നാണ് ഉദ്ഘാടന പരിപാടി. വഴിയിലും പരിപാടി നടക്കുന്ന സ്ഥലത്ത് വെച്ചും യുവജന സംഘടനകൾ പ്രതിഷേധത്തിന് ശ്രമിക്കാൻ സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലെ രാത്രി കണ്ണൂരിൽ എത്തിയ മുഖ്യമന്ത്രി വീട്ടിൽ തങ്ങിയില്ല. സുരക്ഷയുടെ ഭാഗമായി ഗസ്റ്റ് ഹൗസിലായിരുന്നു താമസം. സുരക്ഷാ ഒരുക്കങ്ങളുടെ ബുദ്ധിമുട്ട് ഉയർത്തിക്കാട്ടിയാണ് പിണറായി വിജയൻ ഗസ്റ്റ് ഹൗസിലേക്ക് പോയത്.
ഇന്നലെ രാത്രിയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു. കോഴിക്കോട് പരിപാടിക്ക് ശേഷം മടങ്ങുന്നതിനിടെ വടകരയിൽ വെച്ചായിരുന്നു പ്രതിഷേധം. പത്തോളം പ്രവർത്തകരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
അതിനിടെ പിണറായി വിജയനെതിരെ ഡൽഹിയിലും പ്രതിഷേധം കനക്കുകയാണ്. എൻ എസ് യു- കെ എസ് യു പ്രവർത്തകരാണ് കേരള ഹൗസിന് മുന്നിൽ നിന്നും ജന്തർ മന്തറിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. സ്വർണക്കടത്ത് കേസിലെ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നും മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
Comments