കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിക്ക് മുന്നോടിയായി കണ്ണൂരിൽ സുരക്ഷ വർദ്ധിപ്പിച്ചു. 700 ലധികം പോലീസുകാരെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. കേരള ചരിത്രത്തിൽ ആദ്യമായിട്ടാകും ഒരു മുഖ്യമന്ത്രിക്ക് ഇത്രയധികം സുരക്ഷ ഒരുക്കുന്നത്. ഇത് കൂടാതെ കണ്ണൂരിലെ സ്വവസതിയിൽ തങ്ങാതെ ഗസ്റ്റ് ഹൗസിലാണ് ഇന്നലെ രാത്രി മുഖ്യമന്ത്രി താമസിച്ചത്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പ് കോളേജ് ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാൻ 10.30 ഓടെ മുഖ്യമന്ത്രി പരിപാടി നടക്കുന്ന സ്ഥലത്തെത്തും. ഇതിന് മുന്നോടിയായി ഇടറോഡുകൾ അടച്ചിട്ടേക്കും. 9-12 വരെ തളിപ്പറമ്പിൽ ഗതാഗതം നിരോധിച്ചേക്കും. ഓഫീസുകളിലേക്കും സ്കൂളുകളിലേക്കുമുള്ള ധൃതി പിടിച്ച യാത്ര നടക്കുന്ന സമയമായത് കൊണ്ട് തന്നെ പൊതുഗതാഗതം തടസ്സപ്പെടാനും സാധ്യതയേറെയാണ്.
അതേസമയം ചടങ്ങിൽ കറുത്ത മാസ്കിനും കറുത്ത വസ്ത്രത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് കറുത്ത മാസ്ക് ധരിച്ചെത്തിയവരെക്കൊണ്ട് പോലീസ് അത് ഊരിക്കുകയും കറുത്ത വസ്ത്രത്തിന് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന വ്യാപകമായ പ്രതിഷേധമാണ് നടന്നത്. മുഖ്യമന്ത്രിക്ക് കറുപ്പിനെ പേടിയാണെന്ന് യുവജന സംഘടനകളും പ്രചരിപ്പിച്ചു.
Comments