കോട്ടയം: സംസ്ഥാനം കണ്ടതിൽവെച്ച് ഏറ്റവും വലിയ അഴിമതിക്കാരനും കൊള്ളക്കാരനുമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പിസി ജോർജ്. മുഖ്യമന്ത്രിയുടെ മനസ്സ് എത്ര മാത്രം ജനവിരുദ്ധമാകാം എന്നതിനുള്ള തെളിവാണ് പിണറായി വിജയന്റെ യാത്രയെന്ന് അദ്ദേഹം ആരോപിച്ചു. കോട്ടയത്ത് വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കറുപ്പണിഞ്ഞാണ് അദ്ദേഹം വാർത്ത സമ്മേളനത്തിന് എത്തിയത്.
കറുപ്പ് കണ്ടാൽ ഹാലിളകുന്ന മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ഉള്ള ശക്തമായ പ്രതിക്ഷേധം രേഖപെടുത്താൻ ആണ് കറുപ്പ് ധരിച്ചു എത്തിയത് എന്ന് പി സി ജോർജ് വ്യക്തമാക്കി. ശബരിമലയിൽ യുവതികളെ കയറ്റാൻ ഉള്ള സർക്കാർ നീക്കത്തിനു എതിരെ നിയമ സഭയിൽ ആണ് താൻ ഇതിനു മുൻപ് കറുപ്പ് ധരിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.മുഖ്യമന്ത്രി രാജി വെയ്‌ക്കും വരെ പ്രതിക്ഷേധം തുടരും എന്നും അദ്ദേഹം പറഞ്ഞു.
തകർത്തുകളയും, ആരാണെന്ന് അറിയാമോ എന്നൊക്കെയാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. ആരാണെന്ന് ജനങ്ങൾക്ക് മനസിലായി. ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നിസാരമായ ആരോപണങ്ങൾ അഴിച്ചുവിടാൻ ശ്രമിക്കാതെ മാന്യത ഉണ്ടെങ്കിൽ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് പിണറായി വിജയൻ ജൂഡീഷ്യൽ അന്വേഷണത്തെ നേരിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പിണറായി വിജയൻ ഒരുമാസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്‌ക്കുമെന്നും നിലവിലെ സാഹചര്യത്തിൽ ഇപി ജയരാജനാവും മുഖ്യമന്ത്രി സ്ഥാനത്തെത്തുകയെന്നും അദ്ദേഹം പ്രവചിച്ചു.
പിണറായി വിജയൻ കൊള്ള നടത്തിയെന്ന് കേരളത്തിലെ ജനങ്ങൾ വിശ്വസിക്കുമ്പോഴും സിപിഎം എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന് പിസി ജോർജ് ചോദിച്ചു.ഇ.പി. ജയരാജൻ വെറും മഠയൻ മാത്രമായത് കൊണ്ട് എന്തും പറഞ്ഞോട്ടെ, ക്ഷമിക്കാം. പക്ഷെ കോടിയേരിയും, എം.എ. ബേബിയും, യെച്ചൂരിയും, കാരാട്ടും എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്നും അദ്ദേഹം ചോദിച്ചു. ഇവർ മിണ്ടാതിരിക്കുന്നത് ഒന്നുകിൽ ഭയപ്പെടുന്നത് കൊണ്ടാണ്. അല്ലെങ്കിൽ പിണറായി വിജയന്റെ കപ്പം വാങ്ങിയാണ് അവർ ജീവിക്കുന്നത്. ഈ കാലഘട്ടത്തിൽ മുഖ്യമന്ത്രിയാകാൻ അതുകൊണ്ടുതന്നെ ഇ.പി. ജയരാജനാണ് യോഗ്യൻ എന്നും പി.സി. ജോർജ് പരിഹസിച്ചു.
അതേസമയം ക്രൈം നന്ദകുമാറും താനും സ്വപ്‌നയും കൊച്ചിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് മിനിട്ട് മാത്രമാണ് കൂടിക്കാഴ്ച നീണ്ടത്. അന്ന് മൂന്നു പേജുള്ള ഒരു കത്ത് സ്വപ്ന തനിക്ക് കൈമാറിയിരുന്നു. എന്നാൽ ഇത് ഗൂഢാലോചനയുടെ ഭാഗമായിരുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.പിന്നീട് ഈ നീക്കത്തിൽ നിന്ന് സ്വപ്ന തന്നെ പിന്മാറി എന്നും അദ്ദേഹം പറഞ്ഞു.
Comments