വിവാഹ ദിനത്തിൽ സുന്ദരിയായി ഒരുങ്ങണമെന്നത് ഏതൊരു പെൺകുട്ടിയുടെയും ആഗ്രഹമായിരിക്കും. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസം ഏറ്റവുമധികം ആഘോഷമാക്കാനാണ് എല്ലാവരും ശ്രമിക്കുക. എന്നാൽ അതൊന്നുമില്ലാതെ വിവാഹം കഴിക്കേണ്ടി വന്നാൽ എന്തായിരിക്കും അവസ്ഥ. അത് എന്നും മനസ്സിൽ ഒരു സങ്കടമായി തന്നെ തുടരും. അത്തരത്തിൽ ഭാര്യയുടെ സങ്കടം തിരിച്ചറിഞ്ഞ് പുതിയ രീതിയിൽ വിവാഹ ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിലെ ദമ്പതികൾ.
അനീഷ്-രജിത ദമ്പതികളാണ് എട്ട് വർഷത്തിന് ശേഷം വീണ്ടും വിവാഹ ദിവസത്തിൽ നടത്തുന്ന ഫോട്ടോഷൂട്ട് ആഘോഷിച്ചത്. ഇതിന് സാക്ഷിയായി ഇവരുടെ ഏഴു വയസുകാരിയായ മകൾ അമ്മുവുമുണ്ടായിരുന്നു. ഭാര്യയ്‌ക്ക് സർപ്രൈസ് നൽകിക്കൊണ്ടാണ് ഭർത്താവ് വിവാഹ ആൽബവും വീഡിയോയും പുനരാവിഷ്‌കരിച്ചത്.
2014 ഡിസംബർ 29-നായിരുന്നു അനീഷിന്റേയും രജിതയുടേയും വിവാഹം. വിവാഹ സമയത്ത് സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു അനീഷ്. രജിത എംകോം വിദ്യാർഥിനിയായിരുന്നു. പ്രണയ വിവാഹം ആയിരുന്നതിനാൽ തന്നെ വീട്ടുകാർ എതിർത്തിരുന്നു. ഒളിച്ചോടാൻ ഇരുവരും തയ്യാറായിരുന്നുമില്ല. ഒടുവിൽ അനീഷിന്റെ വീട്ടുകാർ രജിതയുടെ വീട്ടിൽ വിവാഹാലോചനയുമായെത്തി. വിവാഹം നടത്തിത്തരില്ലെന്നും വേണമെങ്കിൽ വന്ന് കൂട്ടിക്കൊണ്ട് പൊയ്‌ക്കോളാനുമായിരുന്നു രജിതയുടെ വീട്ടുകാരുടെ നിർദ്ദേശം. ഇതോടെ അടുത്ത ദിവസം തന്നെ അനീഷ് വീട്ടുകാരുമായെത്ത് രജിതയെ കൊണ്ടുപോയി, ഏതാനും ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ വിവാഹവും നടത്തി. എന്നാൽ സ്വന്തം വിവാഹത്തിൽ വീട്ടുകാർ പോലും പങ്കെടുക്കാത്തതിന്റെ സങ്കടത്തിലായിരുന്നു രജിത. ഫോട്ടോയ്‌ക്ക് പോസ് ചെയ്യുമ്പോഴെല്ലാം കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് നിന്നത്. വിവാഹ ആൽബത്തിലെ എല്ലാ ചിത്രങ്ങളിലും ഇതു കാണാം.
പിന്നീട് ജീവിതത്തിൽ പല തരത്തിലുള്ള മാറ്റങ്ങൾ വന്നെങ്കിലും അന്നത്തെ വിവാഹ ആൽബം എന്നും ഒരു സങ്കടമായി തുടർന്നു. ഏത് കല്യാണത്തിന് പോകുമ്പോഴും രജിതയുടെ മുഖത്ത് ആ വിഷമം ഉണ്ടായിരുന്നു. ഇത് കണ്ട് അനീഷിനും സങ്കടമായതോടെയാണ് എട്ടാം വിവാഹ വാർഷികത്തിൽ ഒരു സർപ്രൈസ് പ്ലാൻ ചെയ്തത്. മറ്റൊന്നുമല്ല, ഒരു സർപ്രൈസ് വിവാഹ ഫോട്ടോഷൂട്ട് തന്നെ.
വിവാഹസാരിയുടുത്ത് സുഹൃത്ത് മീരയുടെ അടുത്ത് മേക്കപ്പിന് എത്തുമ്പോഴും ക്യാമറയും വീഡിയോഗ്രാഫറും റെഡിയായി നിൽക്കുകയാണെന്ന് രജിതയ്‌ക്ക് അറിയില്ലായിരുന്നു. മേക്കപ്പ് എല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് രജിത ഇത് തിരിച്ചറിഞ്ഞത്. ഇത് കണ്ട് രജിതയുടെ കണ്ണ് നിറഞ്ഞുവെന്ന് അനീഷ് പറയുന്നു. ഈ വിവാഹ ഫോട്ടോഷൂട്ട് നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
Comments