തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിയ്‌ക്ക് നേരെയുണ്ടായത് വധശ്രമമെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി മുഖ പത്രമായ ദേശാഭിമാനിയാണ് മുഖ്യമന്ത്രിയ്‌ക്ക് നേരെ നടന്നത് വധശ്രമമാണെന്ന് വ്യക്തമാക്കിയിട്ടുള്ളത്. ഇ.പി ജയരാജൻ തടഞ്ഞതിനാലാണ് മുഖ്യമന്ത്രി രക്ഷപ്പെട്ടതെന്നും അദ്ദേഹം ലേഖനത്തിൽ പറയുന്നു.
കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്‌ക്കിടെ മുഖ്യമന്ത്രിയ്‌ക്ക് നേരെ നടന്നത് വധശ്രമം തന്നെയാണ്. തിരുവനന്തപുരത്ത് വിമാനം നിർത്തി ഇറങ്ങാൻ തുടങ്ങുന്നതിനിടെയാണ് മുഖ്യമന്ത്രിയ്‌ക്ക് നേരെ അക്രമികൾ പാഞ്ഞടുത്തത്. ഇ.പി ജയരാജനും സുരക്ഷാ ജീവനക്കാരും തടഞ്ഞില്ലായിരുന്നില്ലെങ്കിൽ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടേനേ. മുഖ്യമന്ത്രിയുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന ഒന്നും അനുവദിക്കില്ല. അദ്ദേഹത്തിന് ശക്തമായ സുരക്ഷ ഏർപ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു.
പ്രതിഷേധിക്കാനായി മൂന്ന് യുവാക്കൾ വിമാനത്തിൽ കയറിയിട്ടുണ്ടെന്ന വിവരം സുരക്ഷാ ഉദ്യോഗസ്ഥർ നേരത്തെ മുഖ്യമന്ത്രിയ്‌ക്ക് അറിയിപ്പ് കൊടുത്തിരുന്നു. ഇവരെ തടയേണ്ടെന്ന് ആയിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം.
അതേസമയം പിണറായി വിജയനെതിരെ പ്രതിഷേധിച്ച സംഭവത്തിൽ ഇൻഡിഗോ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ആഭ്യന്തര സമിതി അന്വേഷിക്കും. എയർ ലൈൻ പ്രതിനിധിയും യാത്രക്കാരുടെ പ്രതിനിധിയും സമിതിയിലുണ്ടാകും.
















Comments