എലോൺ മസ്കിനെയും ടെസ്ലയെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു, എന്നാൽ ആത്മനിർഭർ ഭാരത് അല്ലെങ്കിൽ സ്വാശ്രയ ഇന്ത്യ നയത്തിൽ സർക്കാർ ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് കേന്ദ്രമന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ. ഇന്ത്യയിൽ വാഹനങ്ങൾ വിൽക്കാൻ ഇറക്കുമതി തീരുവ കുറയ്ക്കാൻ ശ്രമിക്കുന്നകയാണ് അമേരിക്കൻ ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്ല. രാജ്യത്ത് തങ്ങളുടെ കാറുകൾ വിൽക്കാനും സർവീസ് നടത്താനും ആദ്യം അനുമതി നൽകിയില്ലെങ്കിൽ പ്രാദേശികമായി ഉൽപ്പന്നങ്ങൾ നിർമ്മിക്കില്ലെന്ന് കമ്പനി സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ എലോൺ മസ്ക് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
കാറുകൾ വിൽക്കാനും സർവീസ് നടത്താനും ഞങ്ങൾക്ക് അനുമതിയില്ലാത്ത ഒരു സ്ഥലത്തും ടെസ്ല ഒരു നിർമ്മാണ പ്ലാന്റ് സ്ഥാപിക്കില്ല,’ ഇന്ത്യയിൽ ഒരു നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാനുള്ള ടെസ്ലയുടെ പദ്ധതികളെക്കുറിച്ച് ഒരു ഉപയോക്താവിനോട് ചോദ്യത്തിന് മറുപടിയായി മസ്ക് ഒരു ട്വീറ്റിൽ പറഞ്ഞു.
ശനിയാഴ്ച ടിവി9 നടത്തിയ ഗ്ലോബൽ ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് ഹെവി ഇൻഡസ്ട്രീസ് ആൻഡ് പബ്ലിക് എന്റർപ്രൈസസ് മന്ത്രി പറഞ്ഞു, ”പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ആത്മനിർഭർ ഭാരത് നയത്തിൽ അതിവേഗം മുന്നോട്ട് പോയി. അതിൽ വളരെ മികച്ച പ്രതികരണം ലഭിച്ചു. ഞങ്ങൾ അതിൽ ഏതെങ്കിലും വിധത്തിൽ വിട്ടുവീഴ്ച ചെയ്യാൻ പോകുന്നില്ല.
‘ടെസ്ല, എലോൺ മസ്ക് എന്നിവരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു, പക്ഷേ രാജ്യത്തിന്റെ നയങ്ങൾക്കനുസൃതമായി മാത്രം,’ അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് ആദ്യമായി ഇറക്കുമതി ചെയ്ത വാഹനങ്ങൾ വിജയിച്ചാൽ ഇന്ത്യയിൽ ടെസ്ല ഒരു നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുമെന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മസ്ക് പറഞ്ഞിരുന്നു. നിലവിൽ 40,000 യുഎസ് ഡോളറിൽ കൂടുതലുള്ള സിഐഎഫ്(കോസ്റ്റ്, ഇൻഷുറൻസ്, ഫ്രൈറ്റ്) മൂല്യമുള്ള പൂർണമായും ഇറക്കുമതി ചെയ്ത കാറുകൾക്ക് 100 ശതമാനം ഇറക്കുമതി തീരുവ ചുമത്തുന്നു. അതിൽ കുറവുളള കാറുകൾക്ക് 60 ശതമാനവും തീരുവ ചുമത്തും.
Comments