ലക്നൗ: ഉത്തർപ്രദേശിൽ ബിജെപി നേതാവിന് നേരെ അജ്ഞാത സംഘം വെടിയുതിർത്തു. മയിൻപൂരിയിലായിരുന്നു സംഭവം. ബിജെപി പട്ടികജാതി യുവ മോർച്ച ജില്ലാ അദ്ധ്യക്ഷൻ ഗൗതം കതാരിയയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു ഗൗതമിന് നേരെ ആക്രണം ഉണ്ടായത്. ഇരു ചക്ര വാഹനത്തിൽ എത്തിയ രണ്ടംഗ സംഘം അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ് അദ്ദേഹം നിലത്തു വീണതോടെ അക്രമി സംഘം വാഹനത്തിൽ രക്ഷപ്പെട്ടു.
ശബ്ദംകേട്ടെത്തിയ പ്രദേശവാസികൾ ആണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിക്കേറ്റ അദ്ദേഹം ആഗ്ര മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്.
അഗ്നിപഥിനെതിരെ കലാപം നടത്തുന്നവരാണ് സംഭവത്തിന് പിന്നിൽ എന്നാണ് പ്രാഥമിക നിഗമനം. ഭീകരാക്രമണ സാദ്ധ്യതയും സംശയിക്കുന്നുണ്ട്. അഗ്നിപഥിന്റെ പേരിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ബിജെപി നേതാക്കൾ വ്യാപകമായി ആക്രമിക്കപ്പെടുകയാണ്. ഉത്തർപ്രദേശിലും കലാപകാരികൾ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിനിടെയാണ് ബിജെപി നേതാവിന് വെടിയേറ്റിരിക്കുന്നത്.
Comments