ലക്‌നൗ: അഗ്നിപഥിന്റെ പേരിൽ സംസ്ഥാനത്ത് വ്യാപക കലാപത്തിന് ശ്രമിച്ച കലാപകാരികളെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പോലീസ്. വാട്‌സ് ആപ്പിലൂടെ അഗ്നിപഥിനെതിരെ സംഘടിക്കാനും കലാപം നടത്താനും ആഹ്വാനം ചെയ്ത 72 പേരാണ് അറസ്റ്റിലായത്. വരും ദിവസങ്ങളിലും അറസ്റ്റ് തുടരുമെന്ന് പോലീസ് അറിയിച്ചു.
ബല്ലിയ, ദിയോരിയ, മിർസാപൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. അഗ്നിപഥിനെതിരായ കലാപവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 450 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കലാപത്തിൽ പങ്കെടുത്തവരും പൊതുമുതൽ നശിപ്പിച്ചവരുമാണ് അറസ്റ്റിലായിട്ടുള്ളത്. സംഘർഷ സമാനമായ സാഹചര്യം തടയുന്നതിന് ആവശ്യമായ എല്ലാ നടപടികളും സർക്കാരിന്റെ നിർദ്ദേശ പ്രകാരം പോലീസ് സ്വീകരിച്ചിട്ടുണ്ട്.
സംഘർഷ സാദ്ധ്യതയുള്ള എല്ലാ മേഖലകളും തിരിച്ചറിഞ്ഞ് കൂടുതൽ സേനാംഗങ്ങളെ വിന്യസിച്ചാണ് പോലീസ് മുൻകരുതൽ സ്വീകരിച്ചിരിക്കുന്നത്. കലാപകാരികൾ സമൂഹമാദ്ധ്യമങ്ങൾ പ്രത്യേകിച്ച് വാട്‌സ് ആപ്പ് വഴിയാണ് കലാപം ആസൂത്രണം ചെയ്യുന്നതും, ആക്രമണങ്ങൾക്കായി സംഘടിക്കുന്നതും. ഈ സാഹചര്യത്തിൽ ആളുകളുടെ സമൂഹമാദ്ധ്യമ ഇടപെടലുകളും പോലീസ് നിരീക്ഷിക്കുന്നുണ്ട്.
അഗ്നിപഥിന്റെ പേരിൽ വ്യാപക ആക്രണം ആണ് കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് അരങ്ങേറിയത്. ദിയോരിയയിലെ ബർഹാജ് പോലീസ് സ്‌റ്റേഷൻ കലാപകാരികൾ ആക്രമിച്ചു. പോലീസ് വാഹനങ്ങൾക്ക് തീയിട്ടു. ബർഹാജിൽ പോലീസിനും പൊതുജനങ്ങൾക്കും നേരെ കല്ലേറുണ്ടായി. പെട്രോൾ പമ്പ് അടിച്ചു തകർത്തു. ഈ സംഭവങ്ങളിൽ എല്ലാം പോലീസ് കേസ് എടുത്തിട്ടുണ്ട്.
Comments