കൊളംബോ: അന്താരാഷ്‌ട്ര ഏകദിന ക്രിക്കറ്റ് മത്സരത്തിനിടെ ഓസ്ട്രേലിയൻ താരത്തിന്റെ ക്യാച്ച് എടുക്കാൻ ശ്രമിക്കുന്ന ശ്രീലങ്കൻ അമ്പയർ കുമാർ ധർമ്മസേനയുടെ ചിത്രം സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറൽ ആകുന്നു. ഓസ്ട്രേലിയയുടെ ശ്രീലങ്കൻ പര്യടനത്തിലെ മൂന്നാം മത്സരത്തിലായിരുന്നു സംഭവം.
പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ഉയർത്തി അടിച്ച പന്ത് സ്ക്വയർ ലെഗ് അമ്പയറായി നിന്ന ധർമ്മസേനയുടെ നേർക്ക് ഉയർന്നു പൊങ്ങി. ഒരു നിമിഷത്തേക്ക് പഴയകാല ഓർമ്മകളിലേക്ക് മടങ്ങിയ ധർമ്മസേന തൊണ്ണൂറുകളിലെ പ്രതാപിയായ ആ പഴയ ഫീൽഡറായി. ആത്മവിശ്വാസത്തോടെ ക്യാച്ചെടുക്കാൻ ഒരുങ്ങിയ ധർമ്മസേന കാണികളെയും കളിക്കാരെയും ഒരു നിമിഷത്തേക്ക് അമ്പരപ്പിന്റെ കൊടുമുടിയിൽ എത്തിച്ച ശേഷം വീണ്ടും ഉത്തരവാദിത്വമുള്ള അമ്പയറായി. തൻമയത്വത്തോടെ ഒഴിഞ്ഞു മാറിയ ധർമ്മസേന ഒരു ചെറു പുഞ്ചിരിയോടെ വീണ്ടും മത്സരത്തിന്റെ നിയന്ത്രണം തുടർന്നു.
ധർമ്മസേനയുടെ ക്ഷണിക രൂപാന്തരം ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ട്വിറ്ററിൽ പങ്കു വെച്ചു. അമ്പയർ ധർമ്മസേന കളിക്കാരനായി കളത്തിലിറങ്ങിയതായി തോന്നിച്ചുവെങ്കിലും പിന്മാറിയതിന് നന്ദി എന്നാണ് തമാശ രൂപേണ ഓസീസ് ബോർഡ് കുറിച്ചത്.
Catch! Umpire Kumar Dharmasena looks like he wants to get into the action…
Thankfully he didn't #SLvAUS pic.twitter.com/M4mA1GuDW8
— cricket.com.au (@cricketcomau) June 19, 2022
പാത്തും നിസാങ്കയുടെ സെഞ്ച്വറി മികവിൽ മത്സരം ശ്രീലങ്ക ജയിച്ചു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ നിലവിൽ ശ്രീലങ്ക 2-1 എന്ന നിലയിൽ മുന്നിലാണ്.
ശ്രീലങ്കയ്‌ക്ക് വേണ്ടി 31 ടെസ്റ്റുകളും 141 ഏകദിനങ്ങളും കളിച്ചിട്ടുള്ള ധർമ്മസേന, ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ കളിക്കുകയും അമ്പയർ എന്ന നിലയിൽ ലോകകപ്പ് ഫൈനൽ മത്സരങ്ങൾ നിയന്ത്രിക്കുകയും ചെയ്തിട്ടുള്ള ഒരേയൊരു ക്രിക്കറ്ററാണ്. 1996 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ കളിച്ചിട്ടുള്ള ധർമ്മസേന 2015, 2019 ക്രിക്കറ്റ് ലോകകപ്പുകളിൽ ഫൈനൽ മത്സരങ്ങളിൽ അമ്പയറായിരുന്നു.
Comments