മുംബൈ: മഹാരാഷ്ട്ര സർക്കാരിൽ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വിമത ശിവസേന എം എൽ എ ഏകനാഥ് ഷിൻഡെ പ്രശ്നപരിഹാരത്തിന് ഉപാധി വെച്ചതായി റിപ്പോർട്ട്. ബിജെപിയുമായി സഖ്യത്തിലെത്തുക എന്നത് മാത്രമാണ് സാദ്ധ്യമായ ഒരേയൊരു പോംവഴി എന്ന് ഷിൻഡെ ശിവസേന നേതൃത്വത്തെ അറിയിച്ചതായാണ് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായി മിലിന്ദ് നർവേകറുമായി സൂറത്തിലെ ലെ മെറിഡിയൻ ഹോട്ടലിൽ വെച്ച് ഷിൻഡെ കൂടിക്കാഴ്ച നടത്തിയതായി റിപ്പബ്ലിക് ടിവി റിപ്പോർട്ട് ചെയ്യുന്നു. അഞ്ച് മിനിട്ട് നീണ്ടു നിന്ന ഹ്രസ്വമായ കൂടിക്കാഴ്ചയിലാണ് ഷിൻഡെ നിലപാട് വ്യക്തമാക്കിയത്. കോൺഗ്രസുമായും എൻസിപിയുമായും സഖ്യമുണ്ടാക്കിയത് ശിവസേനയുടെ ഹിന്ദുത്വ ആശയത്തിൽ വെള്ളം ചേർത്തു. നഷ്ടമായ ഹിന്ദുത്വ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ഒരേയൊരു മാർഗ്ഗം ബിജെപിയുമായി കൈകോർക്കുക എന്നത് മാത്രമാണെന്ന് ഷിൻഡെ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.
ഈ സാഹചര്യത്തിൽ ഏകനാഥ് ഷിൻഡെയുടെ ട്വീറ്റ് പുനർവായനക്ക് വിധേയമാക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ. ‘ഞങ്ങൾ ബാൽ താക്കറെയുടെ ശിവസൈനികരാണ്. ബാലാസാഹേബ് ആണ് ഞങ്ങളെ ഹിന്ദുത്വം അഭ്യസിപ്പിച്ചത്. ബാലാസാഹേബിന്റെയും ആനന്ദ് ഡീഗെ സാഹേബിന്റേയും ഹിന്ദുത്വത്തെ അധികാരത്തിന് വേണ്ടി വഞ്ചിക്കാൻ ഒരു കാരണവശാലും ഞങ്ങൾ തയ്യാറാകില്ല.‘ ഇതായിരുന്നു ഷിൻഡെയുടെ ട്വീറ്റ്.
Comments