മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ പുത്തൻ അവകാശവാദവുമായി വിമത ശിവസേന എം എൽ എ ഏക്നാഥ് ഷിൻഡെ വീണ്ടും രംഗത്തെത്തി. തന്റേതാണ് യഥാർത്ഥ ശിവസേനയെന്ന് അദ്ദേഹം അവകാശപ്പെട്ടു.
‘ബാലാസാഹേബ് താക്കറെ വിഭാവനം ചെയ്ത ഹിന്ദുത്വവാദി ശിവസൈനികർ എനിക്കൊപ്പമാണ്. കുറച്ചു പേർ അകന്ന് നിൽക്കുകയാണ്. എന്നാൽ ഹിന്ദുത്വം എന്ന പൊതുധാരയിൽ നിന്ന് മാറി അധികകാലം അവർക്ക് തുടരാൻ കഴിയില്ല. നിലവിൽ 46 എം എൽ എമാരുടെ പിന്തുണ എനിക്കുണ്ട്. ഇതിൽ ആറേഴ് പേർ സ്വതന്ത്രരാണ്. മറ്റുള്ളവർ സ്വന്തം പാർട്ടി അംഗങ്ങളാണ്.‘ ഏക്നാഥ് ഷിൻഡെ പറഞ്ഞു.
കോൺഗ്രസുമായും എൻസിപിയുമായും സഖ്യമുണ്ടാക്കിയത് ശിവസേനയുടെ ഹിന്ദുത്വ ആശയത്തിൽ വെള്ളം ചേർത്തു. നഷ്ടമായ ഹിന്ദുത്വ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ഒരേയൊരു മാർഗ്ഗം ബിജെപിയുമായി കൈകോർക്കുക എന്നത് മാത്രമാണെന്ന് ഷിൻഡെ വ്യക്തമാക്കിയതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
‘ഞങ്ങൾ ബാൽ താക്കറെയുടെ ശിവസൈനികരാണ്. ബാലാസാഹേബ് ആണ് ഞങ്ങളെ ഹിന്ദുത്വം അഭ്യസിപ്പിച്ചത്. ബാലാസാഹേബിന്റെയും ആനന്ദ് ഡീഗെ സാഹേബിന്റേയും ഹിന്ദുത്വത്തെ അധികാരത്തിന് വേണ്ടി വഞ്ചിക്കാൻ ഒരു കാരണവശാലും ഞങ്ങൾ തയ്യാറാകില്ല.‘ ഇതായിരുന്നു ഏക്നാഥ് ഷിൻഡെയുടെ കഴിഞ്ഞ ദിവസത്തെ ട്വീറ്റ്.
Comments