മുംബൈ: മഹാരാഷ്ട്രയിൽ വിമത എം എൽ എ ഏകനാഥ് ഷിൻഡെ ഉയർത്തിയ കൊടുങ്കാറ്റിനെ അതിജീവിക്കാനാകാതെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മുഖ്യമന്ത്രി സ്ഥാനം രാജി വെക്കാൻ തയ്യാറാണെന്ന് താക്കറെ അറിയിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ഉദ്ധവിന്റെ പ്രതികരണം.
മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ട സാഹചര്യം വന്നാൽ ഒഴിയും. അധികാരത്തോട് അമിത ആഗ്രഹമില്ല. ഔദ്യോഗിക വസതിയിൽ നിന്നും ഒഴിയാൻ തയ്യാറാണെന്നും ഉദ്ധവ് പറഞ്ഞു. വിമതർക്ക് തന്നെ ആവശ്യമില്ലെങ്കിൽ രാജിക്ക് തയ്യാറാണെന്ന് വൈകാരികമായി ഉദ്ധവ് പറഞ്ഞു. രാജിക്കത്ത് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
ഹിന്ദുത്വത്തിൽ നിന്നും താൻ ഒരിക്കലും പിന്നോട്ട് പോയില്ല. ഹിന്ദുത്വവും ശിവസേനയും ഒരേ നാണയത്തിന്റെ വശങ്ങളാണ്. തനിക്കെതിരെ ഒരു എം എൽ എ എങ്കിലും വോട്ട് ചെയ്താൽ ആ നിമിഷം തന്നെ രാജി വെക്കുമെന്നും ഉദ്ധവ് വ്യക്തമാക്കി.
സർക്കാർ പ്രതിസന്ധിയിലാണെന്ന സൂചന നൽകി ശിവസേന നേതാവ് സഞ്ജയ് റാവത്തും രംഗത്ത് വന്നു. വിമതർ പിന്തുണ പിൻവലിച്ചാൽ ശിവസേന പിളരുമെന്നും സർക്കാർ വീഴുമെന്നുമുള്ള കാര്യം ഏറെക്കുറെ വ്യക്തമായി.
Comments