മുംബൈ: ജീവിതത്തിൽ ഒരിക്കലെങ്കിലും മഹാരാഷ്ട്ര മുഖ്യമന്ത്രി കസേരയിൽ ഇരിക്കണമെന്ന അത്യാഗ്രഹമാണ് ഉദ്ധവ് താക്കറെയെ നിലവിലെ അനിവാര്യമായ പതനത്തിൽ എത്തിച്ചതെന്ന പരോക്ഷ സൂചന സ്പഷ്ടമാക്കി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത ശിവസേന എം എൽ എമാർ ഗവർണർക്ക് അയച്ച കത്തിന്റെ വിശദാംശങ്ങൾ പുറത്ത് വന്നു. കത്തിൽ ഗുരുതരമായ ആരോപണങ്ങളാണ് ഉദ്ധവ് താക്കറെക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നത്.
ബാൽ താക്കറെയുടെ ഹിന്ദുത്വത്തിൽ വെള്ളം ചേർക്കുന്നത് നോക്കിയിരിക്കാനാവില്ലെന്ന് എം എൽ എമാർ കത്തിൽ പറയുന്നു. മഹാ വികാസ് അഖാഡി സർക്കാരിൽ മന്ത്രിമാരായിരുന്ന എൻസിപി നേതാക്കളായ അനിൽ ദേശ്മുഖിന്റെയും നവാബ് മാലിക്കിന്റെയും ചെയ്തികൾ ശിവസേനക്ക് അവമതിപ്പുണ്ടാക്കി. അഴിമതിക്കാരായ കോൺഗ്രസ്, എൻസിപി നേതാക്കളുടെ വിഴുപ്പ് ചുമക്കേണ്ട ആവശ്യം ബാൽ താക്കറെ ജന്മം നൽകിയ പ്രസ്ഥാനത്തിന് ഇല്ലെന്നും എം എൽ എമാർ വ്യക്തമാക്കി. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി നവാബ് മാലിക്കിന്റെ കേസ് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ടുള്ളതാണെന്നത് ഗൗരവതരമാണെന്നും വിമതർ ചൂണ്ടിക്കാട്ടുന്നു.
മഹാവികാസ് അഖാഡി സഖ്യത്തിലെ കളങ്കിതരായ പാർട്ടികൾക്ക് മുന്നിൽ പലപ്പോഴും ഹിന്ദുത്വവാദികളായ ശിവസൈനികർ അപമാനിക്കപ്പെട്ടു. സഖ്യത്തിലെ വിരുദ്ധ ആശയവാദികളായ പാർട്ടികൾ ശിവസേനയുടെ നിഴൽ മറയ്ക്കുള്ളിൽ ഒളിഞ്ഞിരുന്ന് ഹിന്ദുത്വത്തിന്റെ വേരറുക്കാൻ ശ്രമിച്ചു. അപ്പോഴും ചുമതലപ്പെട്ടവർ മൗനം തുടർന്നുവെന്നും എം എൽ എമാർ വ്യക്തമാക്കി.
ഹിന്ദുത്വവിരുദ്ധ ആശയം പേറുന്ന കോൺഗ്രസുമായും എൻസിപിയുമായും കൂട്ടുചേർന്നത് പാർട്ടിയിലെ സാധാരണക്കാരായ പ്രവർത്തകരെ വേദനിപ്പിച്ചു. അവർക്ക് തൃപ്തികരമായ മറുപടി നൽകാൻ പോലും നേതൃത്വം തയ്യാറായില്ല. ശിവസേനയുടെ പ്രഖ്യാപിത ആദർശങ്ങൾ പലപ്പോഴും ബലികഴിക്കപ്പെട്ടു. അധികാരത്തിന് വേണ്ടി മാത്രം കഴിഞ്ഞ രണ്ടര വർഷക്കാലം ശിവസേന ഹിന്ദുത്വവിരുദ്ധ പാർട്ടികൾക്ക് മുന്നിൽ അവഹേളിക്കപ്പെട്ടു. മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് സംശുദ്ധവും അഴിമതിരഹിതവുമായ ഭരണം ഹിന്ദുത്വത്തിൽ ഊന്നി ലഭ്യമാക്കണമെന്നായിരുന്നു പാർട്ടി സ്ഥാപകൻ ബാൽ താക്കറെയുടെ ഇംഗിതം. എന്നാൽ, വിരുദ്ധ ചേരിയുമായി സമരസപ്പെട്ട് സഖ്യത്തിന്റെ ആദ്യ ദിവസം തന്നെ നേതൃത്വം ബാലാസാഹേബിനെ മറന്നു. വിമതർ ചൂണ്ടിക്കാട്ടി.
2019 മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് നേരിട്ടത് ശിവസേന- ബിജെപി സഖ്യമായിരുന്നു. ആ സഖ്യം ഭരണത്തിൽ വരണമെന്ന് ആഗ്രഹിച്ചാണ് ജനങ്ങൾ വോട്ട് ചെയ്തത്. എന്നാൽ, ജനഹിതം മറന്ന ശിവസേന നേതൃത്വം, അധികാരത്തിന് വേണ്ടി മാത്രം എതിരാളികളോടൊപ്പം കൂടി ജനാധിപത്യത്തിന്റെ സത്ത ബലികഴിച്ചു. ഈ പ്രവൃത്തി ജനങ്ങൾക്കിടയിലും പാർട്ടി കേഡർമാർക്കിടയിലും ശിവസേനയുടെ പ്രതിച്ഛായ തകർത്തു. എന്നാൽ, നേതൃത്വം പാർട്ടിയുടെ അടിസ്ഥാന ഘടകങ്ങളിൽ നിന്നുയർന്ന പ്രതിഷേധങ്ങളെ വനരോദനങ്ങളായി അവഗണിച്ചു. കഴിഞ്ഞ രണ്ടര വർഷമായി വോട്ടർമാരിൽ നിന്നും ഉയരുന്ന ചോദ്യങ്ങൾക്ക് ഇപ്പോഴാണ് നിവർന്നു നിന്ന് മറുപടി നൽകാൻ സാധിച്ചതെന്നും എം എൽ എമാർ വ്യക്തമാക്കുന്നു.
Comments