മുംബൈ: മഹാരാഷ്ട്രയിലെ മഹാ വികാസ് അഖാഡി സർക്കാർ തകർച്ചയുടെ വക്കിൽ നിൽക്കെ, ഹിന്ദുത്വമാണ് പരമപ്രധാനമെന്ന് ആവർത്തിച്ച് വിമത ശിവസേന എം എൽ എ ഏകനാഥ് ഷിൻഡെ. മഹാ വികാസ് അഖാഡി സഖ്യത്തിന്റെ ഗുണം ലഭിച്ചത് കോൺഗ്രസിനും എൻസിപിക്കുമാണെന്ന് ഷിൻഡെ പറഞ്ഞു. ശിവസൈനികർ അവിശുദ്ധ അവസരവാദ സഖ്യം വിട്ട് പുറത്തു വരണമെന്നും ഷിൻഡെ പറഞ്ഞു. ബിജെപിക്കൊപ്പം ചേരാനാണ് തനിക്ക് താത്പര്യമെന്ന് ഷിൻഡെ അറിയിച്ചതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
49 എം എൽ എമാർ തനിക്കൊപ്പമുണ്ട് എന്ന് ഏകനാഥ് ഷിൻഡെ വ്യക്തമാക്കി. 34 എം എൽ എമാർ ഒപ്പു വെച്ച പ്രമേയം ഗവർണർക്കും ഡെപ്യൂട്ടി സ്പീക്കർക്കും നിയമസഭാ സെക്രട്ടറിക്കും സമർപ്പിച്ചതായി വിമത എം എൽ എമാർ വ്യക്തമാക്കി. നിലവിൽ തങ്ങളാണ് യഥാർത്ഥ ശിവസേനയെന്നും വിമത എം എൽ എമാർ അവകാശപ്പെട്ടു. പാർട്ടി ചീഫ് വിപ്പ് സുനിൽ പ്രഭുവിന്റെ നിയമനം മരവിപ്പിച്ചതായും പുതിയ ചീഫ് വിപ്പായി ഭരത് ഗോഗാവാലെയെ തിരഞ്ഞെടുത്തതായും പ്രമേയത്തിൽ എം എൽ എമാർ വ്യക്തമാക്കി.
മഹാ വികാസ് അഖാഡി സർക്കാരിലെ അഴിമതികൾ പ്രസ്ഥാനത്തിന് അവമതിപ്പുണ്ടാക്കി. ജയിലിൽ കിടക്കുന്ന അനിൽ ദേശ്മുഖിന്റെയും നവാബ് മാലിക്കിന്റെയും വിഴുപ്പ് ശിവസേനക്ക് ചുമക്കേണ്ട കാര്യമില്ലെന്നും വിമതർ അഭിപ്രായപ്പെട്ടു. ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട അഴിമതിയാണ് ഇതെന്നും അവർ ചൂണ്ടിക്കാട്ടി.
Comments