മുംബൈ: മഹാരാഷ്ട്രയിൽ ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധി പുതിയ മാനങ്ങളിലേക്ക്. ഏകനാഥ് ഷിൻഡെ നേതൃത്വം നൽകുന്ന വിമത പക്ഷത്തിനാണ് ഭൂരിപക്ഷം എന്ന് വ്യക്തമായതോടെ മഹാ വികാസ് അഖാഡി സഖ്യം വിടാൻ തയ്യാറാണെന്ന് ശിവസേന അറിയിച്ചു. ശിവസേന നേതാവ് സഞ്ജയ് റാവത്താണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിമത എം എൽ എമാർ മടങ്ങി വരണമെന്നും റാവത്ത് അഭ്യർത്ഥിച്ചു. ശിവസേന എം എൽ എമാർക്ക് അഹിതമായ ഒരു തീരുമാനവും ഉദ്ധവ് സ്വീകരിക്കില്ലെന്നും റാവത്ത് എം എൽ എമാർക്ക് ഉറപ്പ് നൽകി. ചർച്ചകളിലൂടെ സമവായത്തിൽ എത്തുന്നതിന്റെ ഭാഗമായാണ് റാവത്തിന്റെ നീക്കം എന്നാണ് സൂചന. എന്നാൽ റാവത്തിന്റെ നീക്കത്തോട് വിമത എം എൽ എമാർ പ്രതികരിച്ചിട്ടില്ല.
അതേസമയം കോൺഗ്രസ് നേതാക്കൾ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. അവസരവാദ സഖ്യവുമായി മുന്നോട്ട് പോകാൻ തയ്യാറല്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് വിമത എം എൽ എമാർ. ഹിന്ദുത്വമാണ് പരമ പ്രധാനമെന്നും ബാൽ താക്കറെയുടെ ഹിന്ദുത്വത്തിൽ വെള്ളം ചേർക്കുന്ന ഒരു നയവും സ്വീകാര്യമല്ലെന്നുമുള്ള നിലപാടാണ് വിമതർക്ക് ഉള്ളത്.
അസമിൽ ഏകനാഥ് ഷിൻഡെക്ക് അനുകൂലമായി മുദ്രാവാക്യം വിളിക്കുന്ന 42 എം എൽ എമാരുടെ ചിത്രങ്ങൾ ദേശീയ മാദ്ധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു. ശിവസേന സിന്ദാബാദ്, ബാലാസാഹേബ് കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് എം എൽ എമാർ ഏകനാഥ് ഷിൻഡെക്കൊപ്പം മുഴക്കുന്നത്.
Comments