മുംബൈ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയിൽ, ശിവസേനയുടെ അവസാന അനുനയ ശ്രമവും തള്ളി വിമത നേതാവ് ഏകനാഥ് ഷിൻഡെ. എം എൽ എമാർ മടങ്ങി എത്തിയാൽ 24 മണിക്കൂറിനുള്ളിൽ മഹാ വികാസ് അഖാഡി സഖ്യം ഉപേക്ഷിക്കാമെന്ന ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ ഉപാധിയാണ് ഷിൻഡെ തള്ളിയത്. റാവത്തിന്റെ വാഗ്ദാനത്തിന് ഇനി പ്രസക്തിയില്ലെന്നും, സമയം ഒരുപാട് വൈകിപ്പോയെന്നുമാണ് ഏകനാഥ് ഷിൻഡെ പ്രതികരിച്ചത്.
24 മണിക്കൂറിനുള്ളിൽ മഹാ വികാസ് അഖാഡി സഖ്യം ഉപേക്ഷിക്കാമെന്ന സഞ്ജയ് റാവത്തിന്റെ വാഗ്ദാനം ശിവസേനയുടെ അവസാന അടവായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയത്. പ്രലോഭനങ്ങളിലൂടെയും ഭീഷണിയിലൂടെയും വൈകാരിക മുഹൂർത്തങ്ങളിലൂടെയും എം എൽ എമാരെ ഒപ്പം നിർത്താൻ ഉദ്ധവ് പക്ഷം തയ്യാറാകുമെന്നും സൂചന ഉണ്ടായിരുന്നു. എന്നാൽ സഞ്ജയ് റാവത്തിന്റെ വാഗ്ദാനം തള്ളിയതിലൂടെ സമവായത്തിനുള്ള അവസാന ശ്രമവും ഏകനാഥ് ഷിൻഡെ പരാജയപ്പെടുത്തി.
തനിക്ക് 42 എം എൽ എമാരുടെ പിന്തുണയുണ്ടെന്ന് ഏകനാഥ് ഷിൻഡെ ആവർത്തിച്ച് അവകാശപ്പെട്ടു. അസമിൽ ഷിൻഡെക്ക് അനുകൂലമായി മുദ്രാവാക്യം വിളിക്കുന്ന എം എൽ എമാരുടെ ചിത്രങ്ങൾ ദേശീയ മാദ്ധ്യമങ്ങൾ പുറത്ത് വിട്ടു. ശിവസേന സിന്ദാബാദ്, ബാലാസാഹേബ് കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് എം എൽ എമാർ ഏകനാഥ് ഷിൻഡെക്കൊപ്പം മുഴക്കുന്നത്.
Comments