മുംബൈ: മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാർ പതനത്തിന്റെ വക്കിൽ നിൽക്കെ, മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നവിസ് ഡൽഹിയിലേക്ക് തിരിച്ചു. തലസ്ഥാനത്ത് മുതിർന്ന നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധി ദേശീയ നേതാക്കളുമായി അദ്ദേഹം ചർച്ച ചെയ്യുമെന്നാണ് സൂചന.
അതേസമയം ദേവേന്ദ്ര ഫഡ്നവിസിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഔറംഗാബാദിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മുഖ്യമന്ത്രി ആയതിന് ശേഷം ദേവേന്ദ്രജി പാന്ധർപൂരിൽ എത്തി മൗലി മാതാവിന് മുന്നിൽ പ്രാർത്ഥന നടത്തുമെന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.
സംസ്ഥാനത്ത് രാഷ്ട്രീയ അനിശ്ചിതത്വം തുടരുമ്പോഴും തികഞ്ഞ ആത്മവിശ്വാസത്തിലാണ് വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡെ. എം എൽ എമാർ മടങ്ങി എത്തിയാൽ 24 മണിക്കൂറിനുള്ളിൽ മഹാ വികാസ് അഖാഡി സഖ്യം ഉപേക്ഷിക്കാമെന്ന ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ ഉപാധി ഷിൻഡെ തള്ളി. റാവത്തിന്റെ വാഗ്ദാനത്തിന് ഇനി പ്രസക്തിയില്ലെന്നും, സമയം ഒരുപാട് വൈകിപ്പോയെന്നുമായിരുന്നു ഷിൻഡെയുടെ പ്രതികരണം.
Comments