മുംബൈ: അംഗത്വം റദ്ദാക്കുമെന്ന ശിവസേനയുടെ ഭീഷണിക്ക് മറുപടിയുമായി വിമത ശിവസേന എംഎൽഎ ഏകനാഥ് ഷിൻഡെ. വിപ്പ് നിയമസഭാ പ്രവർത്തനത്തിന് വേണ്ടിയാണെന്നും പാർട്ടി യോഗത്തിനല്ലെന്നും ഷിൻഡെ പ്രതികരിച്ചു. പാർട്ടി യോഗത്തിൽ പങ്കെടുക്കാത്ത വിമത എംഎൽഎമാരുടെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര നിയമസഭാ ഡെപ്യൂട്ടി സ്പീക്കറെ ശിവസേന സമീപിച്ചതിന് പിന്നാലെയാണ് ഷിൻഡെയുടെ പ്രതികരണം.
വ്യാഴാഴ്ച വൈകിട്ടായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയിൽ പാർട്ടി യോഗം നടന്നത്. ഗുവാഹത്തിയിലേക്ക് വിമതരുടെ കുത്തൊഴുക്കായതിനാൽ 13 എംഎൽഎമാർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്.
ഇതോടെ യോഗത്തിൽ പങ്കെടുക്കാത്ത എംഎൽഎമാരുടെ അംഗത്വം റദ്ദാക്കുമെന്ന ഭീഷണിയുമായി ശിവസേന രംഗത്തെത്തി. എന്നാൽ നിങ്ങൾ ആരെയാണ് ഭയപ്പെടുത്താൻ ശ്രമിക്കുന്നത് എന്നായിരുന്നു ഷിൻഡെയുടെ മറുപടി. ”നിങ്ങൾ കെട്ടിച്ചമക്കുന്ന കാര്യങ്ങളും യഥാർത്ഥ നിയമവും ഞങ്ങൾക്ക് വേർതിരിച്ചറിയാം! ഭരണഘടനയിലെ പത്താം ഷെഡ്യൂൾ പ്രകാരം അസംബ്ലിയിലെ ജോലികൾക്ക് വേണ്ടിയോ, യോഗങ്ങൾക്ക് വേണ്ടിയോ ഉള്ളതല്ല വിപ്പ്. ഇക്കാര്യവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ നിരവധി നിരീക്ഷണങ്ങളുണ്ട്.” ട്വിറ്ററിലൂടെ ഷിൻഡെ പറഞ്ഞു.
അംഗത്വം റദ്ദാക്കാനുള്ള ശ്രമത്തെ രൂക്ഷമായ ഭാഷയിലാണ് ഷിൻഡെ വിമർശിച്ചത്. ”’ഞങ്ങൾക്ക് നിയമത്തെക്കുറിച്ച് അറിയാം, അതിനാൽ ഭീഷണിപ്പെടുത്തരുത്. എംഎൽഎമാർക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞ് നിങ്ങൾക്ക് ഞങ്ങളെ ഭയപ്പെടുത്താനാവില്ല. കാരണം ഞങ്ങളാണ് (വിമത സംഘം) യഥാർത്ഥ ശിവസേന. ബാൽ താക്കറെയുടെ ശിവസേന ഇതാണ്.” ഷിൻഡെ ട്വിറ്ററിൽ കുറിച്ചു. ആവശ്യത്തിന് എംഎൽഎമാരില്ലാതെയാണ് സർക്കാർ ഭരണം നടത്തുന്നതെന്നും മഹാ വികാസ് അഘാഡി സർക്കാരിനും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഷിൻഡെ വ്യക്തമാക്കി.
Comments