കാനഡ: ഐസ് ക്രീമും ഐസ് ബാറുകളും ഇഷ്ടപ്പെടുന്നവരാണ് മിക്കയാളുകളും. പോപ്പ് സ്റ്റിക്ക് ഐസുകൾക്കും ആരാധകരേറെയാണ്. വിവിധ രുചികളിലും ഫ്‌ളേവറുകളിലും ലഭിക്കുന്ന പോപ്സ്റ്റിക്ക് ഐസ് ക്രീം കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്നു.
പോപ്സ്റ്റിക്ക് ഐസിനോടുള്ള ജനങ്ങളുടെ ഇഷ്ടം തിരിച്ചറിഞ്ഞ് ഒരു കെച്ചപ്പ് കമ്പനിയും ഇപ്പോൾ ഐസ് പുറത്തിറക്കിയിരിക്കുകയാണ്. ജനപ്രിയരായ ഒരു കനേഡിയൻ കെച്ചപ്പ് ബ്രാൻഡാണ് വേനൽക്കാല വിരുന്നുമായി എത്തിയിരിക്കുന്നത്. ഇവിടെ ഐസിന്റെ ഫ്‌ളേവറും കെച്ചപ്പ് തന്നെയാണെന്നതാണ് പ്രത്യേകത. തക്കാളി സോസ് ഉപയോഗിച്ചിട്ടുള്ള ഐസ് ബാർ പുറത്തിറങ്ങിയതോടെ ഇതൊരു അസാധാരണമായ ട്വിസ്റ്റായെന്നാണ് ജനങ്ങളുടെ പ്രതികരണം.
100 ശതമാനവും കനേഡിയൻ തക്കാളി ഉപയോഗിച്ചാണ് കെച്ചപ്പ് ഐസിന്റെ നിർമാണം. ”ഫ്രഞ്ച്‌സ്” എന്നതാണ് കെച്ചപ്പ് കമ്പനിയുടെ പേര്. മസ്റ്റേർഡ് സോസിന് വളരെയധികം ജനപ്രീതി നേടിയ ബ്രാൻഡാണ് ഫ്രഞ്ച്‌സ്. നിലവിൽ ഹാപ്പി പോപ്‌സ് എന്ന ബ്രാൻഡുമായി ചേർന്നാണ് കെച്ചപ്പ് ഐസ് നിർമിക്കുന്നത്. തക്കാളി ജ്യൂസ്, കെച്ചപ്പ്, ചില്ലി സോസ് എന്നീ മിശ്രിതങ്ങൾ ഐസ് ഉൽപാദിക്കാൻ ഉപയോഗിക്കുന്നു. വാൻകൂവർ, ടൊറന്റോ, ലീമിംഗ്ടൺ എന്നീ കനേഡിയൻ നഗരങ്ങളിലാണ് നിലവിൽ കെച്ചപ്പ് ഐസ് ലഭ്യമാകുന്നത്.
Hey Canadian friends, your favorite condiment just got a whole lot cooler 🍅🧊
A refreshingly savoury & sweet ketchup popsicle, made from 100% Canadian tomatoes.
Learn more here: https://t.co/FH2ax4kvWj pic.twitter.com/9PsahSkEzY
— French's (@Frenchs) June 20, 2022
പുതിയ കെച്ചപ്പ് ഐസിനെക്കുറിച്ച് ”ഫ്രഞ്ച്‌സ്” കമ്പനി പ്രഖ്യാപിച്ചതോടെ സമ്മിശ്രമായ പ്രതികരണങ്ങളാണുണ്ടായത്. ഒന്ന് രുചിച്ച് നോക്കാമെന്ന് ചിലർ അഭിപ്രായപ്പെട്ടെങ്കിലും മിക്കവരും കെച്ചപ്പ് ഐസിന് എതിരാണ്. തക്കാളി കെച്ചപ്പ് ഏറെ ഇഷ്ടമുള്ളവർ പോലും പുതിയ ഫ്‌ളേവറിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തി. കെച്ചപ്പ് ഐസ് ഉണ്ടാക്കുമെങ്കിൽ ഇനി മയോണൈസ് കൊണ്ട് നിർമിക്കൂവെന്നും ചിലർ പ്രതികരിച്ചു. വിചിത്രമായ ഐസ് ഫ്‌ളേവർ എന്നാണ് മറ്റ് ചിലർ അഭിപ്രായപ്പെട്ടത്.















