ന്യൂഡൽഹി: കുട്ടികളെ അഭിനയിപ്പിക്കുന്നതിൽ കർശന നിർദ്ദേശങ്ങളുമായി ദേശീയ ബാലാവകശ കമ്മീഷൻ. കരാറുൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ചാണ് നിർദ്ദേശം. സിനിമാ മേഖലയിൽ കുട്ടികൾ വലിയ ചൂഷണത്തിന് ഇരയാകുന്നത് സംബന്ധിച്ച് നിരവധി പരാതികൾ ബാലാവകാശ കമ്മീഷന് ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കുട്ടികളെ സിനിമകളിൽ അഭിനയിപ്പിക്കുന്നത് സംബന്ധിച്ച് ബാലവകാശ കമ്മീഷൻ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെ സിനിമാ ചിത്രീകരണത്തിനായി ഉപയോഗിക്കരുതെന്ന് ബാലവകാശ കമ്മീഷന്റെ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. എന്നാൽ മുലയൂട്ടലുമായി ബന്ധപ്പെട്ട ചിത്രീകരണങ്ങൾക്കും, പ്രതിരോധവുമായി ബന്ധപ്പെട്ട ചിത്രീകരണങ്ങൾക്കും മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെ ഉപയോഗിക്കാം. ആറ് വയസ്സിൽ താഴെയുള്ള കുട്ടികളെ ശക്തമായ ലൈറ്റിന് മുൻപിൽ നിർത്തി അഭിനയിപ്പിക്കരുത്. ഇതിന് പുറമേ തീവ്രമായ മേക്കപ്പ് ഉപയോഗിക്കാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്.
സിനിമാ-പരസ്യ ചിത്രീകരണങ്ങളിൽ കുട്ടികളുമായി കരാറുണ്ടാക്കാൻ പാടില്ല. പരമാവധി 27 ദിവസം മാത്രമേ കുട്ടികളെ ഷൂട്ടിംഗിനായി ഉപയോഗിക്കാൻ പാടുള്ളു. ഷൂട്ടിംഗിനിടെ കുട്ടികൾക്ക് മൂന്ന് മണിക്കൂർ ഇടവേള നൽകണം. ലോക്കേഷനിലെ മുതിർന്നവർ കുട്ടികൾ കാൺമേ മദ്യപിക്കാനോ പുകവലിക്കാനോ പാടില്ലെന്നും ബാലാവകാശ കമ്മീഷൻ നിർദ്ദേശമുണ്ട്. നിർദ്ദേശങ്ങളിൽ വീഴ്ചവരുത്തിയാൽ നിർമ്മാതാവിന് മൂന്ന് വർഷംവരെ തടവ് ശിക്ഷ ലഭിക്കുമെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഈ നിർദ്ദേശങ്ങൾ ബാലാവകാശ കമ്മീഷൻ എല്ലാ സംസ്ഥാനങ്ങൾക്കും നൽകിയിട്ടുണ്ട്.
Comments