ന്യൂഡൽഹി: ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് കുപ്രചാരണങ്ങൾ നടത്തുകയും ഗൂഢോദ്ദേശ്യത്തോടെ സാക്കിയ ജഫ്രിയുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്ത കേസിൽ സുപ്രീം കോടതിയുടെ പരാമർശത്തിന് വിധേയയായ വിവാദ മാദ്ധ്യമ പ്രവർത്തക ടീസ്ത സെതൽവാദിനെ ജൂലൈ 1 വരെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. അഹമ്മദാബാദ് സിറ്റി ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ ഗുജറാത്ത് ഭീകര വിരുദ്ധ സേനയാണ് കഴിഞ്ഞ ദിവസം ടീസ്തയെയും മലയാളിയായ മുൻ ഐ പി എസ് ഉദ്യോഗസ്ഥൻ ആർ ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ സഞ്ജീവ് ഭട്ട് 1989ലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ്.
ടീസ്തയും ആർ ബി ശ്രീകുമാറും സഞ്ജീവ് ഭട്ടും വ്യാജ തെളിവുകൾ ഉണ്ടാക്കിയിരിക്കാമെന്നും, അത് പ്രധാനമന്ത്രിക്കെതിരായ കേസ് 16 വർഷം വരെ നീണ്ടു പോകാൻ കാരണമായിരിക്കാമെന്നും സുപ്രീം കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ദിവസം ഇവരെ കസ്റ്റഡിയിൽ എടുത്തത്. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലീസ് കോടതിയിൽ അറിയിച്ചു. ഇതോടെയാണ് കോടതി ടീസ്തയെ റിമാൻഡ് ചെയ്തത്.
അതേസമയം, ഗോധ്രാനന്തര കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കില്ലെന്ന വിധി കഴിഞ്ഞ ദിവസം സുപ്രീം കോടതി ശരിവെച്ചിരുന്നു. സാക്കിയ ജഫ്രി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതി വിധി. കലാപവുമായി ബന്ധപ്പെട്ട് ടീസ്ത വലിയ തോതിൽ വ്യാജപ്രചാരണങ്ങൾ നടത്തിയിരുന്നു. വ്യാജ വാർത്ത നൽകിയതുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ നിരവധി ആരോപണങ്ങൾ നിലവിലുണ്ടായിരുന്നു.
Comments