തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. സ്വർണം പിടിച്ചയുടൻ ഡിപ്ലോമാറ്റിക് ബാഗേജാണെന്ന് മുരളീധരൻ പറഞ്ഞിരുന്നില്ല എന്ന് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് വി.മുരളീധരൻ രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യയുടെ അടുത്ത സുഹൃത്തായ യുഎഇ സർക്കാരിന്റെ ഔദ്യോഗിക ചാനലിലൂടെ കള്ളക്കടത്ത് നടത്തി എന്നത് അവിശ്വസനീയമായിരുന്നു. കടത്തി എന്നതിൽ മുഖ്യമന്ത്രിക്ക് ഉറപ്പ് ഉണ്ടായിരുന്നിരിക്കാം എന്ന് വി.മുരളീധരൻ പറഞ്ഞു. കോൺസുലേറ്റിനുള്ള ബാഗേജല്ല എന്ന് യുഎഇ സർക്കാരിന്റെ പ്രതിനിധിയായ അറ്റാഷെ മൊഴി നൽകുകയും ചെയ്തിരുന്നുവെന്നു അദ്ദേഹം വ്യക്തമാക്കി.
സ്വർണം പിടിക്കുമ്പോൾ യുഎഇ കോൺസുൽ ജനറൽ ഇന്ത്യയിൽ ഉണ്ടായിരുന്നില്ല. അറ്റാഷെയുടെ മൊഴി സ്വർണം പിടിച്ചയുടൻ കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയുമായി അടുത്ത നയതന്ത്ര ബന്ധമുള്ള യുഎഇയുടെ ഡിപ്ലോമാറ്റിക് പരിരക്ഷയുള്ള ഉദ്യോഗസ്ഥനെ പിടിച്ചുവയ്‌ക്കാൻ ചട്ടമില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കാൻ സാധിക്കില്ല. അതിനാലാണ് അവർക്ക് ഇന്ത്യയിൽ നിന്ന് പോകേണ്ടി വന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ബാഗേജ് വിട്ടുകിട്ടാൻ വിളിച്ചില്ല എന്ന പിണറായി വിജയന്റെ വാദം കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വിളിച്ചുവെന്നും അതിനാലാണ് അയാൾ പ്രതിയായതെന്നും മുരളീധരൻ പറഞ്ഞു.
സ്വർണം അയച്ച ഫൈസൽ ഫരീദിനെ വിദേശകാര്യ മന്ത്രാലയത്തിന്റെ അഭ്യർഥന പ്രകാരം യുഎഇ പോലീസ് അറസ്റ്റ് ചെയിതിരുന്നു. അവരുടെ ചോദ്യം ചെയ്യലിൽ റബിൻസ് ഹമീദാണ് ഇയാളെക്കൊണ്ട് സ്വർണം അയപ്പിച്ചതെന്ന് തെളിയുകയും തുടർന്ന് റബിൻസ് ഹമീദിനെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിച്ചു. ഫൈസൽ ഫരീദിനെ വിട്ടുകിട്ടാനുള്ള നടപടി പുരോഗമിക്കുകയാണ്. ഇക്കാര്യം എൻഐഎ കോടതിയെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര അന്വേഷണ ഏജൻസികൾ ഒന്നും കണ്ടെത്തിയില്ല എന്ന മുഖ്യമന്ത്രിയുടെ വാദവും തെറ്റാണെന്ന് വി.മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിൽ കിടന്നത് കള്ളക്കടത്ത് കേസിലാണ്. കേസിലെ പ്രതിയായ ഉദ്യോഗസ്ഥൻ ഇന്നും സർവീസിൽ തുടരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിശോധനയില്ലാത്ത ബാഗേജ് കൊണ്ടുപോവാൻ മുഖ്യമന്ത്രിക്കാവില്ല എന്ന മുഖ്യമന്ത്രിയുടെ ന്യായം ശരിയാണ്. എന്നാൽ മുഖ്യമന്ത്രി മറന്നു വച്ച ബാഗ് എന്തിനാണ് കോൺസുലേറ്റിൽ, ഡിപ്ലോമാറ്റിക് പരിരക്ഷയുള്ള ഉദ്യോഗസ്ഥൻ വഴി കൊടുത്തുവിട്ട് പരിശോധന ഒഴിവാക്കിയതെന്ന് പിണറായി വിജയൻ വ്യക്തമാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
















Comments