മുംബൈ : മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകങ്ങൾ അവസാനത്തിലേക്ക്. നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഗവർണറുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് സുപ്രീം കോടതി വിധി പ്രസ്താവിച്ചു. വിശ്വാസ വോട്ടിന് സ്റ്റേ വേണമെന്ന ഉദ്ധവ് താക്കറെ പക്ഷത്തിന്റെ ഹർജി സുപ്രീം കോടതി തള്ളി. ഗവർണറുടെ തീരുമാനത്തിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു.
വിശ്വാസ വോട്ടെടുപ്പ് നാളെ നടത്താൻ വിസമ്മതിച്ച ശിവസേന, ഇത് മറ്റൊരു ദിവസത്തിലേക്ക് മാറ്റിവെയ്ക്കണമെന്നാണ് ആവശ്യപ്പെട്ടത്. വിമത എംഎൽഎമാരെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യം ഗവർണർക്ക് മുന്നിൽ നിൽക്കുമ്പോൾ എങ്ങനെയാണ് വിശ്വാസ വോട്ടെടുപ്പ് നടത്തുക എന്ന് ഉദ്ധവ് സർക്കാർ ആരോപിച്ചു. എന്നാൽ എംഎൽഎ മാരെ അയോഗ്യരാക്കുന്നതും വിശ്വാസ വോട്ടെടുപ്പും തമ്മിൽ എന്താണ് ബന്ധം എന്നാണ് കോടതി ചോദിച്ചത്. തുടർന്നാണ് സുപ്രീം കോടതി വിധി.
അതേസമയം ജയിലിലുളള നവാബ് മാലിക്, അനിൽ ദേശ്മുഖ് എന്നീ എൻസിപി മന്ത്രിമാർക്ക് വോട്ടെടുപ്പിൽ പങ്കെടുക്കാൻ സുപ്രീം കോടതി അനുമതി നൽകി.
മഹാരാഷ്ട്ര നിയമസഭയിൽ കേവല ഭൂരിപക്ഷം 143 ആണ്. നിലവിൽ 114 പേരുടെ പിന്തുണ മാത്രമേ മഹാ വികാസ് അഗാഡിക്കുള്ളൂ. ശിവസേനയുടെ 16 പേർ മാത്രമാണ് ഇതിലുള്ളത്. എൻഡിഎയ്ക്ക് 162 പേരുടെ പിന്തുണയുണ്ട്. ബിജെപിയുടെ 106 വോട്ടുകളും, 39 വോട്ടുകളുമുണ്ട്. ഏക്നാഥ് ഷിൻഡെയും മറ്റ് വിമത എംഎൽഎമാരും ഗുവാഹത്തിയിൽ നിന്നും ഗോവയിലേക്ക് പോയിട്ടുണ്ട്. നാളെ അവർ മുംബൈയിൽ എത്തും.
അതേസമയം വിശ്വാസ വോട്ടെടുപ്പ് നടക്കുമോ അതോ ഉദ്ധവ് താക്കറെ ഇന്ന് രാജി വെയ്ക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
Comments