മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജി വെച്ചു. ഏറെ നാളത്തെ രാഷ്ട്രീയ നാടകങ്ങൾക്കും ഉൾപ്പോരുകൾക്കും ശേഷം ഒരു ഫേസ്ബുക്ക് ലൈവിലൂടെയാണ് ഉദ്ധവ് തന്റെ രാജി പ്രഖ്യാപിച്ചത്. പിടിച്ച് നിൽക്കാൻ അവസാനം വരെ ശ്രമിച്ചെങ്കിലും സ്വന്തം പാർട്ടിക്കാരുടെ പിന്തുണ പോലും ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് വിശ്വാസ വോട്ടെടുപ്പിന് നിൽക്കാതെ ഉദ്ധവ് രാജി സന്നദ്ധത അറിയിച്ചത്. അച്ഛന്റെ ആദർശങ്ങൾ പാലിക്കാനോ, അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രങ്ങൾ മുന്നോട്ട് കൊണ്ടുപോകാനോ ശിവസേന സ്ഥാപകനായ ബാൽ താക്കറെയുടെ മകൻ ഉദ്ധവ് താക്കറെയ്ക്ക് സാധിച്ചോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയർന്നു കേൾക്കുന്നത്. ഹിന്ദുക്കൾ വേണ്ടി എന്നും പോരാടുകയും മറാത്തകളെ തന്റെ കുടുംബത്തെപ്പോലെ സ്നേഹിക്കുകയും ചെയ്ത ഒരു നേതാവിന്റെ മകൻ ഇത്രയും അധപതിക്കാൻ കാരണമെന്താണ്.
ബാൽതാക്കറെയെന്ന വ്യക്തിത്വം ഇന്ത്യൻ രാഷ്ട്രീയത്തിൽ ചെലുത്തിയ സ്വാധീനം വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാവുന്നതിലും അപ്പുറമാണ്. എതിരാളികൾ പോലും ആ സ്വരത്തെ ബഹുമാനിച്ചിരുന്നു. പത്രത്തിലെ കാർട്ടൂണിസ്റ്റ് ആയിരുന്ന ബാലാ സാഹെബ് താക്കറെ ജോലി ഉപക്ഷേിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോൾ ചരിത്രം പോലും വഴിമാറി. ശിവസേന എന്ന സംഘടനയെ ജനവികാരമാക്കി മാറ്റാനും ബോംബെ നഗരത്തെ അധോലോക നേതാക്കളുടെ കൈയ്യിൽ നിന്നും സ്വതന്ത്രമാക്കാനും അദ്ദേഹം അഹോരാത്രം പ്രവർത്തിച്ചു. എടുത്ത നിലപാടുകൾ എത്ര തീവ്രമായിരുന്നുവെങ്കിലും അതിൽ ഉറച്ചുനിൽക്കാനും തുറന്ന് പറയാനും ബാൽ താക്കറെ ഒരിക്കലും മടി കാണിച്ചിരുന്നില്ല. വിമർശകർ പോലും അക്കാര്യത്തിൽ അദ്ദേഹത്തെ ആദരിച്ചു.
എന്നാൽ മകൻ ഉദ്ധവ് താക്കറെ പാർട്ടി ചുമതല ഏറ്റെടുത്തതോടെ ശിവസേനയുടെ നിലപാടുകളിൽ വ്യത്യാസങ്ങൾ വരാൻ ആരംഭിച്ചു. ഉദ്ധവിന്റെ സഹോദരൻ രാജ് താക്കറെ ശിവസേനയിൽ നിന്നും വേർപ്പെട്ട് പുതിയ പാർട്ടി ആരംഭിച്ചത് ഇതിന്റെയെല്ലാം തുടക്കമായിരുന്നു. പിന്നീട് 2012 ൽ ബാൽ താക്കറെയുടെ മരണത്തിന് ശേഷം പാർട്ടിയുടെ മുഴുവൻ ചുമതലയും ഉദ്ധവിനായി. 2013 ൽ പാർട്ടി അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ബാൽ താക്കറേയുടെ കരുത്തോ രാജ് താക്കറേയുടെ കരിഷ്മയോ ഉദ്ധവിനില്ലെന്ന് അന്നേ വിമർശകർ ചൂണ്ടിക്കാട്ടിയിരുന്നു.
ബാൽ താക്കറേയുടെ കാലത്ത് തുടങ്ങിയ ബിജെപി – ശിവസേന സഖ്യത്തിന് ഇളക്കം തട്ടിയത് ഉദ്ധവിന്റെ കാലത്താണ്. ഒരേ പ്രത്യയശാസ്ത്രത്തിനു വേണ്ടി ഒരുമിച്ച് നിന്നിരുന്ന രണ്ട് പ്രസ്ഥാനങ്ങൾ ഉദ്ധവിന്റെ അധികാര മോഹത്തിനു മുന്നിൽ വേർ പിരിഞ്ഞു. 2019 ൽ ബിജെപിക്കൊപ്പം ഒരുമിച്ച് പ്രചാരണം നടത്തി ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട ശിവസേന പക്ഷേ തിരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസുമായും എൻസിപിയുമായും കൂട്ടുകൂടുകയായിരുന്നു. ഉദ്ധവിന്റെ മുഖ്യമന്ത്രിയാകാനുള്ള അടങ്ങാത്ത ആഗ്രഹമായിരുന്നു സഖ്യം തകരാൻ കാരണമായത്. ഒരിക്കലും അധികാരക്കസേരയിലിരിക്കില്ല എന്ന ബാൽ താക്കറേയുടെ പ്രതിജ്ഞയായിരുന്നു ഉദ്ധവ് ലംഘിച്ചത്.
ബാൽതാക്കറെ എക്കാലത്തും എതിർത്തിരുന്ന പ്രത്യയസാസ്ത്രമായിരുന്നു കോൺഗ്രസിന്റേത്. എന്നാൽ പ്രത്യയശാസ്ത്രം അടിയറവച്ച് സോണിയാ ഗാന്ധിയോടും ശരദ്പവാറിനോടും സന്ധിചെയ്യാൻ ബാൽ താക്കറെയുടെ മകന് യാതൊരു മടിയുമുണ്ടായിരുന്നില്ല എന്നത് വിരോധാഭാസമായി.
പിന്നീടുള്ള രണ്ട് വർഷവും 213 ദിവസവും കോൺഗ്രസിന്റെ കൈയ്യിലെ കളിപ്പാവയായിട്ടാണ് ഉദ്ധവ് മുഖ്യമന്ത്രി സ്ഥാനത്തിരുന്നത്. കോൺഗ്രസിന്റെയും എൻസിപിയുടെയും പിന്തുണയോടെ ഉദ്ധവ് താക്കറെ സ്വീകരിച്ചതെല്ലാം ഹിന്ദു വിരുദ്ധ നിലപാടുകളായിരുന്നു. അയോദ്ധ്യയിൽ പോകാൻ ഉദ്ധവ് താക്കറെ പദ്ധതിയിട്ടപ്പോൾ ശരദ് പവാർ മുടക്കി. കശ്മീരിൽ 370 ാം വകുപ്പ് റദ്ദാക്കിയപ്പോൾ അനുകൂലിച്ച് അഭിപ്രായം പോലും പറയാൻ ശിവസേനയ്ക്ക് കഴിഞ്ഞില്ല. പവാറിന്റെ തടവറയിലാണ് ഉദ്ധവെന്ന് വ്യക്തമായതോടെ സ്വന്തം പാർട്ടിക്കാർ തന്നെ ഉദ്ധവിന് നേരെ തിരിഞ്ഞു.
രാജ്യത്തെ ഹിന്ദുക്കൾ ദുരിതമനുഭവിക്കുന്നുവെന്ന് വേദികളിൽ കയറി നിന്ന് പ്രസംഗിച്ച ഉദ്ധവ്, സ്വന്തം ആളുകളെ ആക്രമിക്കാൻ പോലീസിന് നിർദ്ദേശം നൽകി. ബിജെപിയെ അല്ലെങ്കിൽ കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കുന്നവരെ, ശിവസേന നേതാവ് ലക്ഷ്യം വെച്ച് ആക്രമിക്കാൻ തുടങ്ങി. റിപ്പബ്ലിക് മീഡിയ നെറ്റ് വർക്ക് എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമിയുടെ അനധികൃത അറസ്റ്റും ബോളിവുഡ് താരം കങ്കണ റണാവത്തിനെതിരെ എടുത്ത നടപടികളും ഇതിന്റെ ഭാഗമായിരുന്നു. ഉദ്ധവിന്റെ വീടിന് മുന്നിൽ നിന്ന് ഹനുമാൻ ചാലിസ ചൊല്ലുമെന്ന് പ്രഖ്യാപിച്ച സ്വതന്ത്ര നേതാക്കളായ നവ്നീത് റാണയെയും ഭർത്താവ് രവി റാണയെയും ഉദ്ധവിന്റെ പോലീസ് അറസ്റ്റ് ചെയ്തു. ഇതെല്ലാം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
”ഇന്ന് നിങ്ങൾ എന്റെ വീട് തകർത്തു.. നാളെ നിങ്ങളുടെ അഭിമാനം തകരും.” ഉദ്ധവ് സർക്കാരിന്റെ അക്രമത്തിന് ഇരയായ ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ വാക്കുകളാണ് ഇത്. സ്ത്രീകളെ ഉപദ്രവിച്ചയാളുടെ നാശം ഉറപ്പാണെന്ന് അന്ന് കങ്കണ പറഞ്ഞത് ഇവിടെ അക്ഷരം പ്രതി ശരിയായിരിക്കുകയാണ്.
കോൺഗ്രസിനെയും എൻസിപിയെയും പോലെ ന്യൂനപക്ഷ പ്രീണനം നടത്താൻ ഉദ്ധവ് തയ്യാറായപ്പോൾ കാലിനടിയിലെ മണ്ണ് ചോർന്ന് പോകുന്നത് മനസ്സിലാകാനുളള രാഷ്ട്രീയ വിവേകം പോലും അദ്ദേഹത്തിന് ഇല്ലാതെ പോയി. ഒരിക്കൽ ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനമായ മഹാരാഷ്ട്രയെ ജിഹാദികളുടെ കൈയ്യിൽ നിന്നും രക്ഷിച്ച നേതാവിന്റെ മകന് അച്ഛന്റെ പാരമ്പര്യം നിലനിർത്താൻ പോലും സാധിച്ചില്ല. കടുവയുടെ വീട്ടിൽ കുറുക്കൻ പിറന്നു എന്നായിരുന്നു എതിരാളികളുടെ പരിഹാസം.
ഒടുവിൽ അനുവാര്യമായത് സംഭവിച്ചു. സ്വന്തം സംഘടനയിൽ നിന്ന് തന്നെ വിമത സ്വരങ്ങളുയർന്നു. താനും മകനും ചാർച്ചക്കാരും മാത്രം എന്ന അവസ്ഥയിലേക്ക് ഉദ്ധവ് എടുത്തെറിയപ്പെട്ടു. മന്ത്രിമാരുൾപ്പെടെയുള്ളവർ എതിർപക്ഷത്തായി. അവസാനം മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് ഔദ്യോഗികവസതിയിൽ നിന്നിറങ്ങി മാതോശ്രീയിലേക്ക് തിരിച്ചു പോകേണ്ടി വന്നു. സ്വന്തം വേരുകൾ എന്താണെന്ന് മനസ്സിലുറപ്പിക്കാത്തതിന്റെ പേരിലുള്ള പടിയിറങ്ങൽ. സ്വന്തം അച്ഛനേയും ആദർശത്തേയും ചതിച്ചവന് അർഹിക്കുന്ന വിധി.
Comments