ഉദയ്പൂർ കൊലപാതകികൾ ബിജെപിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ചു; നിർണായക വിവരങ്ങൾ പുറത്ത്

Published by
Janam Web Desk

ജയ്പൂർ : ഉദയ്പൂരിൽ ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളുടെ നിർണായക വിവരങ്ങൾ പുറത്ത്. പ്രതികൾ ബിജെപിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചിട്ടുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. മൂന്ന് വർഷമായി ഇവർ ബിജെപിയുടെ രാജസ്ഥാൻ ഘടകത്തിലേക്ക് നുഴഞ്ഞുകയറാൻ ഗൂഢാലോചന നടത്തിയിട്ടുണ്ടാകുമെന്നാണ് റിപ്പോർട്ട്. ദേശീയ ചാനലായ ഇന്ത്യാ ടുഡേയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്.

കൊലയാളികളിൽ ഒരാളായ റിയാസ് അട്ടാരി പാർട്ടിയുടെ വിശ്വസ്തർ മുഖേന പാർട്ടി പരിപാടികളിലേക്ക് കടന്നുവരാൻ ശ്രമിച്ചിരുന്നു. രാജസ്ഥാനിലെ ബിജെപിയുടെ ന്യൂനപക്ഷ മോർച്ചയിലെ അംഗമായ ഇർഷാദ് ചെയിൻവാലയുമായി ബന്ധമുണ്ടാക്കിയാണ് നുഴഞ്ഞു കയറാൻ ശ്രമിച്ചത്. അന്വേഷിച്ചപ്പോൾ ഉദയ്പൂരിലെ ബിജെപി പരിപാടികളിൽ റിയാസ് പങ്കെടുക്കാറുണ്ടെന്ന് നേതാക്കളും പറയുന്നുണ്ട്.

ബിജെപി പരിപാടികളിൽ ക്ഷണിക്കാതെ തന്നെ ഇയാൾ പങ്കെടുത്തിരുന്നു എന്നാണ് റിപ്പോർട്ട്.  പാർട്ടിയിൽ പ്രവർത്തിക്കണം എന്നാണ് തന്റെ ആഗ്രഹമെന്ന് ഇയാൾ പറഞ്ഞിരുന്നു. കൂടുതൽ വലിയ കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കാനായിരുന്നോ നീക്കമെന്ന് സംശയം ഉയരുന്നുണ്ട്.

സിറിയയിലും ഇറാഖിലും ഐഎസ് തകർന്നതോടെ സ്ലീപ്പർ സെല്ലുകൾ മറ്റ് രാജ്യങ്ങളിൽ സജീവമാകാൻ സാദ്ധ്യതയുണ്ടെന്ന് അന്താരാഷ്‌ട്ര അന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ബിജെപിക്കാരാണെന്ന് വരുത്തിത്തീർത്ത് ആക്രമണം നടത്താനും ഇവർ പദ്ധതിയിട്ടിരുന്നു എന്നാണ് മാദ്ധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Share
Leave a Comment