തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മഴ കനക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് . ജില്ലകളിൽ 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീ ലിറ്റർ മഴ ലഭിക്കാം. ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ള പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും ഏർപ്പെടുത്തിയിട്ടുണ്ട്.
വരുന്ന ദിവസങ്ങളിലും സംസ്ഥാനത്ത് മഴയുടെ ശക്തി വർദ്ധിക്കും. അതിനാൽ ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യതയുണ്ട്. അതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
ഓറഞ്ച് അലർട്ട് ഏർപ്പെടുത്തിയ ജില്ലകൾ
ചൊവ്വ: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
ബുധൻ: ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
യെല്ലോ അലർട്ട് ഏർപ്പെടുത്തിയ ജില്ലകൾ
ചൊവ്വ: പത്തനംതിട്ട, പാലക്കാട്, വയനാട്
ബുധൻ: ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട്
വ്യാഴം: ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
Comments