ന്യൂഡൽഹി: നൂപുർ ശർമ്മയ്ക്കെതിരായ സുപ്രീം കോടതി പരാമർശം പിൻവലിക്കണം എന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത്. പതിനഞ്ച് മുൻ ഹൈക്കോടതി ജഡ്ജിമാരും നിരവധി വിരമിച്ച ഉന്നത ഉദ്യോഗസ്ഥരും സൈനികരും ഉൾപ്പെടെ 117 പേർ ഒപ്പിട്ട കത്താണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണയ്‌ക്ക് അയച്ചിരിക്കുന്നത്.
കോടതിയുടെ പരാമർശം ലോകത്തിലെ ഏറ്റവും ബൃഹത്തായ ജനാധിപത്യത്തിന് സമാനതകളില്ലാത്ത കളങ്കം ചാർത്തി. പരാമർശം ജനാധിപത്യ മൂല്യങ്ങളെയും രാജ്യസുരക്ഷയെയും ഗുരുതരമായി ബാധിക്കുന്നതാണ്. പരാമർശം എത്രയും വേഗം പിൻവലിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.
ഉദയ്പൂർ കൊലപാതകം ഉൾപ്പെടെയുള്ള ദൗർഭാഗ്യകരമായ സംഭവങ്ങൾക്ക് കാരണം നൂപുർ ശർമ്മയുടെ പരാമർശമാണ് എന്നായിരുന്നു ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജെ ബി പർദിവാല എന്നിവർ അഭിപ്രായപ്പെട്ടത്. നൂപുർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമെന്നും, അവർ അറസ്റ്റ് ചെയ്യപ്പെടാത്തത് അത്ഭുതകരമാണ് എന്നും കോടതി നിരീക്ഷിച്ചിരുന്നു. തനിക്കെതിരെ വിവിധ സംസ്ഥാനങ്ങളിലായി രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകൾ ഒരുമിച്ച് ആക്കണം എന്ന നൂപുർ ശർമ്മയുടെ അപേക്ഷ പരിഗണിക്കവെയായിരുന്നു കോടതി ഇപ്രകാരം അഭിപ്രായപ്പെട്ടത്. നൂപുർ ശർമ്മയുടെ അപേക്ഷയും കോടതി തള്ളിയിരുന്നു.
രാജ്യത്ത് ഇന്ന് നിലനിൽക്കുന്ന അരക്ഷിതാവസ്ഥയ്‌ക്ക് കാരണം നൂപുർ ശർമ്മയുടെ വാക്കുകൾ മാത്രമാണ് എന്ന പരാമർശം അപകടകരമാണ്. ഈ പരാമർശം ഉദയ്പൂർ കൊലപാതകം പോലെയുള്ള സംഭവങ്ങളെ പരോക്ഷമായി ന്യായീകരിക്കുന്നതാണ്. ഇത് ചില പ്രത്യേക അജണ്ടകളെ തൃപ്തിപ്പെടുത്താനുള്ള വ്യഗ്രതയുടെ ഭാഗമായി വ്യാഖ്യാനിക്കപ്പെടുമെന്നും, അങ്ങനെ സംഭവിക്കുന്നത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്‌ക്ക് ഗുണകരമാകില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
എല്ലാ സംവിധാനങ്ങളും കൃത്യമായി തങ്ങളുടെ ചുമതലകൾ നിർവ്വഹിക്കുമ്പോഴാണ് ഏതൊരു രാജ്യത്തിന്റെയും ജനാധിപത്യം സാർത്ഥകമാകുന്നത്. എന്നാൽ അടുത്തയിടെ നൂപുർ ശർമ്മയ്‌ക്കെതിരെ രണ്ട് ജഡ്ജിമാർ നടത്തിയ പരാമർശങ്ങൾ ജനാധിപത്യത്തിലെ ലക്ഷ്മണ രേഖയുടെ ലംഘനമാണെന്നും, അതിനാലാണ് ഇത്തരത്തിൽ ഒരു കത്തെഴുതാൻ തങ്ങൾ നിർബ്ബന്ധിതരായതെന്നും കത്തിൽ വ്യക്തമാക്കുന്നു.
ജഡ്ജിമാരുടെ പരാമർശങ്ങൾ നീതിയുടെ ധാർമ്മിക ചട്ടക്കുടുകൾക്ക് നിരക്കുന്നതല്ല. ഒരു വ്യക്തിയെ വിചാരണ ചെയ്യാതെ കുറ്റവാളി എന്ന് വിധിക്കാൻ ആർക്കും അധികാരമില്ല. അതുകൊണ്ട് തന്നെ പരാമർശം ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല. സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്ന ഈ പരാമർശം രാജ്യത്തിന്റെ സാമാന്യ നീതിനിർവ്വഹണ സംവിധാനത്തെ ചോദ്യം ചെയ്യുന്നതാണ്. ഇത് ഭരണഘടനയുടെ അനുച്ഛേദം 20(2)ന്റെ ലംഘനമാണ്. കത്തിൽ പറയുന്നു.
മുൻ കേരള ഹൈക്കോടതി ജഡ്ജി പി എൻ രവീന്ദ്രൻ, മുൻ ചീഫ് സെക്രട്ടറി ആനന്ദ ബോസ്, മുൻ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ക്ഷിതിജ് വ്യാസ്, മുൻ ഗുവാഹട്ടി ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് കെ ശ്രീധർ റാവു, മുൻ ഡൽഹി ഹൈക്കോടതി ജഡ്ജി എസ് എൻ ധിംഗ്ര തുടങ്ങിയ പ്രമുഖരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. മുൻ ചീഫ് സെക്രട്ടറിമാർ, വിദേശ സ്ഥാനപതികൾ, ഡിജിപിമാർ, സൈനിക ഉദ്യോഗസ്ഥർ എന്നിവരും കത്തിൽ ഒപ്പ് വെച്ചിരിക്കുന്നു.
Comments