വിജയവാഡ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആന്ധ്രാ പ്രദേശ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച ഉണ്ടായ സംഭവത്തിൽ ഒരു കോൺഗ്രസ് നേതാവ് കീഴടങ്ങി. കോൺഗ്രസ് നേതാവ് രാജീവ് രത്തനാണ് ഗന്നാവരം പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
ഗന്നാവരം വിമാനത്താവളത്തിൽ നിന്നും പ്രധാനമന്ത്രിയുടെ ഹെലികോപ്ടർ പറന്നുയർന്ന് അഞ്ച് മിനിട്ടിനുള്ളിൽ വിമാനത്താവളത്തിന് സമീപത്തെ പണി നടക്കുന്ന കെട്ടിടത്തിന് മുകളിൽ കയറിയ കോൺഗ്രസ് പ്രവർത്തകർ, പൈലറ്റിന്റെ കാഴ്ച മറയ്‌ക്കുന്ന തരത്തിൽ ബലൂണുകൾ പറത്തി വിട്ടിരുന്നു. ബലൂണുകൾ പ്രധാനമന്ത്രിയുടെ ഹെലികോപ്ടറിനെ വട്ടം ചുറ്റിയത് വലിയ സുരക്ഷാ വീഴ്ചയായി വിലയിരുത്തപ്പെട്ടിരുന്നു.
രാജീവ് രത്തനും, മറ്റൊരു കോൺഗ്രസ് നേതാവായ രവി പ്രകാശുമാണ് സുരക്ഷാ വീഴ്ചയ്‌ക്ക് കാരണമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതെന്ന് പോലീസ് കണ്ടെത്തി. രവി പ്രകാശിനെയും മറ്റ് പ്രതികളെയും പോലീസ് നേരത്തേ പിടികൂടിയിരുന്നു. സംഭവം പ്രധാനമന്ത്രിയെ ഉന്നം വെച്ചുള്ള ഗുരുതരമായ നീക്കമാണെന്ന് ബിജെപി ആരോപിച്ചിരുന്നു.
പഞ്ചാബിലും പ്രധാനമന്ത്രിക്ക് നേരെ സമാനമായ നീക്കം നടന്നതായി ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല ചൂണ്ടിക്കാട്ടി. കോൺഗ്രസ് വെറുപ്പിന്റെ രാഷ്‌ട്രീയത്തിന്റെ വക്താക്കളാണെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങൾക്ക് നരേന്ദ്ര മോദി എന്ന വ്യക്തിയെ വെറുക്കാം, എന്നാൽ ആ വെറുപ്പ് പ്രധാനമന്ത്രി പദത്തോട് ആകുന്നത് രാജ്യദ്രോഹമാണെന്നും അദ്ദേഹം പറഞ്ഞു.
Comments