ആകർഷകമായ സൗന്ദര്യം ലഭിക്കാൻ പലവിധ പൊടിക്കൈകളും മേയ്‌ക്കപ്പും ചെയ്തിരുന്ന ആളുകൾ വളരെപ്പെട്ടെന്നാണ് സൗന്ദര്യവർദ്ധക ശസ്ത്രക്രിയകളുടെ സഹായം തേടിയിറങ്ങിയത്. മൂക്കിന്റെയും കവിളിന്റെയും ചുണ്ടുകളുടേയും ആകൃതിയിൽ മാറ്റം വരുത്തിയും ശരീരത്തിലെ കൊഴുപ്പുകൾ നീക്കം ചെയ്തും സൗന്ദര്യം കൂട്ടാനുള്ള പെടാപ്പാടിലാണ് മനുഷ്യൻ. ഈ ഓട്ടത്തിനിടയ്‌ക്ക് പലർക്കും പല അബദ്ധങ്ങളും പറ്റാറുണ്ട്.
ശസ്ത്രക്രിയ ഉദ്ദേശിച്ച ലക്ഷ്യത്തിലെത്താതെ വിരൂപയായി തീർന്നവരും നിരവധി പാർശ്വഫലങ്ങൾ അനുഭവിക്കേണ്ടി വന്നവരുമുണ്ട്. അക്കൂട്ടത്തിൽ പുരിക ശസ്ത്രക്രിയ ചെയ്ത ഒരു യുവതിയുടെ അനുഭവമാണ് ഇപ്പോൾ വൈറലാവുന്നത്. ചെറുപ്പത്തിലേ പുരികത്തിന് കട്ടിയില്ലായിരുന്ന ഇസബെല്ല കുസ്തി എന്ന യുവതി ശസ്ത്രക്രിയയ്‌ക്ക് വിധേയയാവുകയായിരുന്നു. പുരികം മാറ്റിവെയ്‌ക്കൽ ശസ്ത്രക്രിയയ്‌ക്കാണ് യുവതി വിധേയയായത്.
തലയുടെ പിൻവശത്തെ മുടികളാണ് ഇതിനായി ഉപയോഗിച്ചത്. ചിലവേറിയ ഈ ശസ്ത്രക്രിയയ്‌ക്ക് ശേഷം ആദ്യം എല്ലാം സന്തോഷവതിയായിരുന്ന ഇസബല്ല ഇപ്പോൾ സങ്കടത്തിലാണ്. തലമുടിയായതിനാൽ ഇതിന്റെ വളർച്ച അതിവേഗമാണ്. നീളത്തിൽ വളർന്ന കൊണ്ടേയിരിക്കുന്നു. അതിനാൽ ഇസബെല്ലയ്‌ക്കിപ്പോൾ പുരികം മുറിച്ച് ആകൃതി വരുത്താനേ നേരമുള്ളൂ. കുറച്ച് പണിപ്പെട്ടാലും പുരികത്തിന് കട്ടി ലഭിച്ചതിനാൽ ഇതെല്ലാം സഹിക്കാൻ തയ്യാറാണെന്നാണ് യുവതി പറയുന്നത്.














