ലണ്ടൻ: ഇംഗ്ലണ്ടിലെ ടി20 പരമ്പരയ്ക്കായി നിശ്ചയിച്ചിട്ടും കളിക്കാൻ അവസാന ഇലവനിൽ ഇടംനേടാനാകാത്ത മലയാളി താരം സഞ്ജു സാംസൺ നാട്ടിലേയ്ക്ക് മടങ്ങി. ഇംഗ്ലണ്ടി നെതിരെ ആദ്യ ടി20യിലെ ടീമിലാണ് സഞ്ജുവിനെ നിശ്ചയിച്ചത്. എന്നാൽ അവസാന 11ൽ ഇടംലഭിച്ചില്ല. കീപ്പറും ഓപ്പണറുമായി ഇഷാൻ കിഷനെയാണ് പരിഗണിച്ചത്. രണ്ടും മൂന്നും ടി20 ടീമിലും ഇടമില്ലെന്ന് കണ്ടതോടെയാണ് സഞ്ജു മടങ്ങിയത്.
സമൂഹമാദ്ധ്യമത്തിലൂടെ ‘ഹെഡ്ഡിംഗ് ബാക്ക് ഹോം. എല്ലാവർക്കും നന്ദി’ എന്ന കുറിപ്പ് നൽകിക്കൊണ്ടാണ് സഞ്ജു വിവരം ആരാധകരെ അറിയിച്ചത്. ഇംഗ്ലണ്ടിനെതിരെ ടീം ഇന്ത്യ ഇറങ്ങും മുന്നേ ബിസിസിഐ പുറത്തുവിട്ട ചിത്രങ്ങളിൽ സഞ്ജുവിന്റെ ചിത്രം ഏറെ വൈറലായിരുന്നു. മലയാളികളും മറ്റ് ഭാഷകളിലെ സഞ്ജു ആരാധകരും രാജസ്ഥാൻ റോയൽസ് ആരാധകരും ഏറെ ആഘോഷിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരെ ആദ്യ ഇലവനിൽ തങ്ങളുടെ പ്രിയ താരത്തെ കളിപ്പിക്കണമെന്ന ആവശ്യമാണ് എല്ലാവരും ആവശ്യപ്പെട്ടത്.
സുപ്രധാന പരമ്പരയിൽ ഇല്ലാത്ത സഞ്ജുവിനെ ഇനി ഏത് പ്രകടനത്തിന്റെ അടിസ്ഥാന ത്തിൽ ലോകകപ്പ് ടീമിലെടുക്കുമെന്ന ആശങ്കയാണ് ആരാധകർ പങ്കുവെയ്ക്കുന്നത്. അയർലൻഡിനെതിരെ ഓപ്പണറായി ഇറങ്ങി 42 പന്തിൽ 9 ഫോറും നാല് സിക്സറുമടക്കം 77 റൺസ് നേടി സഞ്ജു തകർപ്പൻ പ്രകടനം നടത്തിയിരുന്നു. ഇനി വെസ്റ്റിൻഡീസിനെതിരെ ഏകദിന പരമ്പരയിലാണ് സഞ്ജുവിനെ കാണാനാവുക ആശ്വാസത്തിലാണ് ആരാധകർ. ഈ മാസം 22നാണ് പോർട്ട് ഓഫ് സ്പെയിനിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയുടെ ആദ്യ ഏകദിനം. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20കളുമാണ് പരമ്പരയിലുള്ളത്.
Comments