തിരുവനന്തപുരം : കലാലയങ്ങളെ ലഹരി-ആയുധപ്പുരകളാക്കുന്നവർക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി എബിവിപി. തലസ്ഥാനത്തെ സമാധാനന്തരീക്ഷം തകർക്കാനുള്ള എസ്എഫ്ഐ ലഹരിമാഫിയാ സംഘത്തിന്റെ പ്രവൃത്തികൾ പ്രതിഷേധാർഹമാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എം മനോജ് പ്രസ്താവനയിലൂടെ അറിയിച്ചു.
കേരളത്തിലെ കലാലയങ്ങളിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ആയുധനിർമ്മാണത്തിന്റെ ദൃശ്യങ്ങൾ വാർത്താമാദ്ധ്യമങ്ങളിലൂടെ കേരളജനത കണ്ടതാണ്. തലസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാനാണ് എസ്എഫ്ഐ ലഹരിമാഫിയാ സംഘത്തിന്റെ ലക്ഷ്യം. ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം ജില്ലയിലെ ധനുവച്ചപുരത്ത് കഴിഞ്ഞ കുറച്ചുകാലമായി എസ്എഫ്ഐ അക്രമി സംഘം എബിവിപി പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചുവിട്ടിരുന്നു. സംഭവത്തിൽ ലഹരിക്കടിമകളായ എസ്എഫ്ഐ ക്രിമിനലുകളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഐടിഐയിൽ എസ്എഫ്ഐയുടെ നേതൃത്യത്തിൽ ആയുധനിർമ്മാണം നടക്കുന്ന ദൃശ്യങ്ങൾ പുറത്ത് വരുന്നത്.
ജില്ലയിലെ അക്രമി സംഘങ്ങൾക്ക് ആയുധം നിർമ്മിച്ചു നൽകുന്ന കൂലിത്തൊഴിലാളികളായാണ് ഐടിഐ വിദ്യാർത്ഥികളെ എസ്എഫ്ഐ നേതൃത്വം ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. സംഭവം നേരിട്ടറിയുന്ന അദ്ധ്യാപകർ പോലും ഒത്താശ ചെയ്യുന്ന തരത്തിലാണ് കാര്യങ്ങൾ. ഇതിനെതിരെ എബിവിപി പരാതി നൽകിയിരുന്നു. ഐടിഐയിലെ ആയുധനിർമ്മാണ മേഖലകൾ പരിശോധിക്കാൻ പോലീസ് തയ്യാറാവണം. ആയുധം നിർമ്മിച്ചവർക്കെതിരെയും ഒത്താശ ചെയ്ത അദ്ധ്യാപകർക്കെതിരെയും നടപടിയെടുക്കണമെന്നും എം മനോജ് വ്യക്തമാക്കി.
Comments