മുംബൈ: ഉദയ്പൂരിലെ അരും കൊലയെ അപലപിച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ട 15 കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ പ്രതി അറസ്റ്റിൽ. ജമ്മു കശ്മീർ സ്വദേശിയായ ഫയാസ് ഗുലാം മുഹമ്മദ് ഭട്ടാണ് അറസ്റ്റിലായത്. മുംബൈ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ജൂലൈ ഒന്നിനായിരുന്നു ഇയാൾ പെൺകുട്ടിയ്‌ക്ക് നേരെ വധ ഭീഷണി മുഴക്കിയത്. ഉദയ്പൂർ കൊലപാതകത്തെ അപലപിച്ചുള്ള പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഫയാസ് ഗുലാം വിവിധ നമ്പറുകളിൽ നിന്നായി പെൺകുട്ടിയ്‌ക്ക് ഭീഷണി സന്ദേശം അയക്കുകയായിരുന്നു. ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തുമെന്നായിരുന്നു ഇയാൾ പെൺകുട്ടിയ്‌ക്ക് അയച്ച ഭീഷണി സന്ദേശം. ഉടൻ പെൺകുട്ടി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 508, 506 (2) എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
ജമ്മു കശ്മീർ പോലീസിന്റെ സഹായത്തോടെയാണ് ഫയാസ് ഗുലാമിനെ പിടികൂടിയതെന്ന് മുംബൈ ഡിസിപി പറഞ്ഞു. സന്ദേശവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പോലീസിന് അയച്ച് നൽകിയിരുന്നു. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയതെന്നും ഡിസിപി വ്യക്തമാക്കി.
















Comments