കൊളംബോ: രാഷ്‌ട്രീയ-സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ശ്രീലങ്കയിൽ ഭക്ഷ്യവസ്തുക്കൾക്ക് തീവില. 450 ഗ്രാം ബ്രെഡിന് ബുധനാഴ്ച അർദ്ധരാത്രി മുതൽ 20 രൂപ കൂടി വർധിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. മറ്റ് ബേക്കറി സാധനങ്ങൾക്ക് പത്ത് രൂപ വില വർധനയുമുണ്ടാകും. ശ്രീലങ്കയിൽ ഗോതമ്പ് പൊടിക്ക് വില വർധിച്ചതിനാലാണ് ബേക്കറി സാധങ്ങൾക്കും വില വർധിപ്പിക്കാൻ തീരുമാനമായത്.
ഒരു കിലോഗ്രാം ഗോതമ്പ് പൊടിക്ക് തിങ്കളാഴ്ച 32 രൂപ വില വർധിച്ചിരുന്നു. തുടർന്നാണ് ഗോതമ്പ് പൊടി ഉപയോഗിക്കുന്ന എല്ലാ ആഹാര സാധനങ്ങൾക്കും വില കൂട്ടാൻ ബേക്കറി ഓണേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചത്. വിപണിയിൽ 84.50 രൂപയുണ്ടായിരുന്ന ഗോതമ്പ് പൊടിക്ക് ഇപ്പോൾ 300 രൂപയ്‌ക്ക് മുകളിലാണ് കിലോ നിരക്ക്.
22 ദശലക്ഷം ജനസംഖ്യയുള്ള ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിലൂടെയാണ് മാസങ്ങളായി കടന്ന് പോകുന്നത്. ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ അവസ്ഥയാണ് ദ്വീപ് രാഷ്‌ട്രം അഭിമുഖീകരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഭക്ഷണവും മരുന്നും ഇന്ധനവും മറ്റ് അവശ്യവസ്തുക്കളും വാങ്ങാൻ ജനങ്ങൾ നെട്ടോടമോടുന്നതാണ് നിലവിലെ സ്ഥിതി. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെ സർക്കാർ കൈകാര്യം ചെയ്തതിലുള്ള പാകപിഴയിൽ ജനങ്ങൾ കടുത്ത പ്രതിഷേധവും രേഖപ്പെടുത്തുന്നുണ്ട്.
Comments