കേന്ദ്ര സർക്കാരിന്റെ പ്രസാദം പദ്ധതിക്ക് കീഴിൽ ഗുരുവായൂരിൽ പൂർത്തിയാക്കിയ പദ്ധതികൾ ഭക്തർക്ക് തുറന്നുകൊടുക്കാത്തതിൽ അതൃപ്തി അറിയിച്ച് കേന്ദ്ര മന്ത്രി അശ്വിനി കുമാര് ചൗബേ. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ വിലയിരുത്തുന്നതിന് വേണ്ടി കഴിഞ്ഞ ദിവസം വൈകീട്ടാണ് കേന്ദ്രമന്ത്രി തൃശൂരിൽ എത്തിയത്. തുടർന്ന് അദ്ദേഹം ഗുരുവായൂരിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
മൾട്ടിലെവൽ പാർക്കിംഗ് സൗകര്യം കോംപ്ലക്സ്, രണ്ട് ഫെസിലിറ്റേഷൻ സെന്ററുകൾ- ഭക്തർക്ക് വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങൾ നടത്തുന്നതിനുള്ള കേന്ദ്രം, എന്നീ അടിസ്ഥാന സൗകര്യങ്ങളാണ് കേന്ദ്ര പദ്ധതിക്ക് കീഴിൽ ഗുരുവായൂരിൽ നടപ്പിലാക്കിയിരിക്കുന്നത്. രണ്ട് വർഷത്തോളമായി ഈ പദ്ധതികളുടെ ഉദ്ഘാടനം കഴിഞ്ഞിട്ട്. എന്നാൽ വിശ്വാസികൾക്കായി ഇത് തുറന്നുകൊടുക്കാനോ പ്രവർത്തനം ആരംഭിക്കാനാണോ നഗരസഭാ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.
ചെളി നിറഞ്ഞ റോഡിലൂടെയാണ് കേന്ദ്ര മന്ത്രി ഫെസിലിറ്റേഷൻ സെന്ററിലേക്ക് എത്തിയത്. എന്നാൽ ഇത് അടഞ്ഞുകിടക്കുന്ന കാഴ്ചയാണ് കേന്ദ്ര മന്ത്രി കണ്ടത്. രണ്ട് വർഷത്തോളമായി ഇത് തുറന്നിട്ടില്ലെന്നും അദ്ദേഹത്തിന് വ്യക്തമായി. കേന്ദ്ര മന്ത്രി എത്തുന്ന വിവരം നേരത്തെ തന്നെ നഗരസഭാ അധികൃതരെ അറിയിച്ചെങ്കിലും അദ്ദേഹം വരുമ്പോൾ ഇവിടെ ആരുമുണ്ടായിരുന്നില്ല.
തുടർന്ന് മന്ത്രി നഗരസഭാ സെക്രട്ടറിയെ വിളിച്ച് വരുത്തുകയും വിശ്രമ കേന്ദ്രം തുറന്ന് അകത്ത് കയറുകയും ചെയ്തു. പരിശോധയിൽ പൊടിപിടിച്ച് കിടക്കുന്നതായി അദ്ദേഹം കണ്ടെത്തി. സംഭവത്തിൽ വിശദീകരണം ചോദിച്ചതോടെ കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയ ഊരാളുങ്കൽ ലേബർ സൊസൈറ്റി താക്കോൽ കൈമാറിയിട്ടില്ല, നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ് എന്ന ന്യായീകരണങ്ങളാണ് നഗരസഭാ സെക്രട്ടറി നടത്തിയത്. എന്നാൽ ഇത് അംഗീകരിക്കാൻ മന്ത്രി തയ്യാറായില്ല.
ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വർഷമായിട്ടും കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കാത്തതിൽ മന്ത്രി അതൃപ്തി അറിയിച്ചു. ഉദ്ഘാടനം കഴിഞ്ഞുവെങ്കിൽ പ്രവർത്തനം ആരംഭിക്കുന്നതിനു തടസം എന്താണ് എന്ന് മന്ത്രി ചോദിച്ചു. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് കേന്ദ്രം കോടികൾ ചിലവഴിച്ചത് എന്നും അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ട മന്ത്രാലയത്തെ ഇത് സംബന്ധിച്ച വിശദാംശങ്ങൾ ധരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments