ന്യൂഡൽഹി: ഇന്ത്യയും ഇസ്രയേലും യുഎസും യുഎഇയും അടങ്ങുന്ന ഐ2യു2 രാജ്യങ്ങളുടെ ആദ്യ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വെർച്വൽ രീതിയിലാണ് ഉച്ചകോടിനടന്നത്. ഇത് യഥാർഥത്തിൽ തന്ത്രപ്രധാന പങ്കാളികളുടെ യോഗമാണെന്ന് ആയിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
നാമെല്ലാം നല്ല സുഹൃത്തുക്കളാണ്. നമുക്കെല്ലാം പൊതുവായ കാഴ്ച്ചപ്പാടും പൊതുതാൽപ്പര്യങ്ങളുമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘ഐ2യു2’വിന്റെ കാഴ്ചപ്പാടും അജൻഡയും പുരോഗമനപരവും പ്രായോഗികവുമാണെന്നത് വ്യക്തമാണ്. വിവിധ മേഖലകളിൽ കൂട്ടായ പദ്ധതികൾ കണ്ടെത്തി മുന്നേറുന്നതിനുള്ള മാർഗരേഖയും തയ്യാറാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
ഊർജസുരക്ഷ, ഭക്ഷ്യസുരക്ഷ, ആഗോള സാമ്പത്തിക വളർച്ച എന്നിവയ്ക്കു ഗണ്യമായ സംഭാവനകളേകാൻ ഐ2യു2 വിന് കഴിയുമെന്ന് ഉറപ്പുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ കൂട്ടായ ബലവും മൂലധനവും പരിചയസമ്പന്നതയും വിപണിയും ഒരുമിച്ച് കൂട്ടുന്നതിലൂടെ ആഗോള സാമ്പത്തിക വളർച്ചയ്ക്ക് നിർണായക സംഭാവന നൽകാനും കഴിയുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ജലം, ഊർജം, ഗതാഗതം, ബഹിരാകാശം, ആരോഗ്യം, ഭക്ഷ്യസുരക്ഷ എന്നീ ആറു സുപ്രധാന മേഖലകളിൽ സംയുക്ത നിക്ഷേപം വർധിപ്പിക്കുന്നതിന് ധാരണയിലെത്തിയ കാര്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ആഗോള അനിശ്ചിതത്വങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ പ്രായോഗികമായ സഹകരണത്തിനുള്ള മികച്ച മാതൃക കൂടിയാണു ഈ സഹകരണ ചട്ടക്കൂട് എന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments