ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള ഇറക്കുമതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ തുറമുഖ അതോറിറ്റിയ്ക്ക് യുഎസ് കോൺസുലേറ്റ് കത്ത് അയച്ച സംഭവത്തിൽ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം. മുംബൈ തുറമുഖത്ത് എത്തുന്ന ചരക്ക് കപ്പലുകൾ തടയണമെന്നായിരുന്നു കത്തിൽ ആവശ്യപ്പെട്ടിരുന്നത്.
നയതന്ത്ര വിനിമയം ന്യൂഡൽഹിയിലെ എംബസി വഴിയും മന്ത്രാലയം വഴിയുമാണ് നടത്തേണ്ടത് എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി . ആശയ വിനിമയത്തിന് ഉചിതമായ മാർഗം സ്വീകരിക്കാമായിരുന്നെന്നും റഷ്യയുമായുള്ള സാമ്പത്തിക, വ്യാപാര ബന്ധങ്ങളുടെ വലിയ പ്രശ്നത്തിൽ ഇന്ത്യയുടെ നിലപാട് മുൻപ് പല അവസരങ്ങളിലും വ്യക്തമാക്കിയിട്ടുണ്ടെന്നും വിദേശ കാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
രാജ്യത്തിന്റെ താൽപര്യത്തിന് അനുസരിച്ച് ആഗോള പങ്കാളികളുമായി ഇടപാടുകൾ നടത്തുമെന്നും അത് തങ്ങളുടെ അവകാശമാണെന്നും വിദേശ കാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. റഷ്യയ്ക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതാണ് മുംബൈയിലെ യുഎസ് കോൺസുലേറ്റ് ജനറൽ ഇത്തരത്തിൽ മുംബൈ തുറമുഖ അതോറിറ്റിയോട് പ്രതികരിക്കാൻ ഇടയാക്കിയത്. തലസ്ഥാനത്ത് നേരിട്ട് സംസാരിക്കേണ്ട വിഷയം കത്ത് എഴുതി തുറമുഖ അതോറിറ്റിയെ അറിയിച്ചത് ഇന്ത്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ തന്ത്രമാണോയെന്ന് സംശയിക്കണമെന്ന് ഗവേഷണ വികസന കോർപ്പറേഷൻ (ആർഎഎൻഡി) ട്വിറ്ററിൽ വ്യക്തമാക്കി.
യുക്രെയ്നിലെ യുദ്ധ പശ്ചാത്തലത്തിൽ യുഎസും സഖ്യകക്ഷികളും റഷ്യയ്ക്ക് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ത്യയും റഷ്യയും തമ്മിലുള്ള വാണിജ്യ വ്യാപാരങ്ങളെ ഇത് ബാധിച്ചിരുന്നില്ല. അസംസ്കൃത എണ്ണയും ഉൽപന്നങ്ങളുമായി റഷ്യൻ ചരക്ക് കപ്പലുകൾ ഇന്ത്യൻ തീരത്ത് ഇപ്പോഴും എത്തുന്നുണ്ട്. പല രാജ്യങ്ങളും റഷ്യയ്ക്ക് ഉപരോധമേർപ്പെടുത്തിയത് ഊർജ്ജ കയറ്റുമതി മേഖലയിൽ കിഴിവുകൾക്ക് കാരണമായി. ഇന്ത്യ-റഷ്യ വ്യാപാരം വർദ്ധിക്കാൻ ഇത്തരത്തിലുള്ള കിഴിവുകൾ കാരണമായി. മെയ് മാസത്തിലെ കണക്കുകൾ പ്രകാരം 7,40,000 ബാരൽ എണ്ണയാണ് പ്രതിദിനം ഇറക്കുമതി ചെയിതിരുന്നത്.
Comments