തിരുവനന്തപുരം: അന്തരിച്ച കവിയത്രി ബാലാമണിയുടെ ജന്മദിനത്തിൽ ആദരവുമായി ഗൂഗിൾ. കാവ്യമുത്തശ്ശിയുടെ ചിത്രം ഗൂഗിൾ ഡൂഡിലായി ചേർത്താണ് ആദരവ്. വെളുത്ത സാരിയണിഞ്ഞ് വീട്ടുവരാന്തയിൽ പുസ്തകങ്ങൾക്കൊപ്പമിരുന്ന് എഴുതുന്ന ചിത്രമാണ് നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ബാലാമണിയമ്മയുടെ 113 ാം ജന്മദിനത്തിലാണ് ഇത്തരമൊരു ഡൂഡിൽ ഗൂഗിൾ നിർമ്മിച്ചത്. ഈ ഡൂഡിലിന് പിന്നിലും ഒരു മലയാളി സ്പർശമുണ്ടെന്നാണ് വിവരം.
തിരുവനന്തപുരം സ്വദേശിയും ഹൈദരാബാദിലെ പ്രമുഖ പരസ്യകമ്പനിയിൽ ഇല്ലസ്‌ട്രേറ്ററുമായ ദേവിക രാമചന്ദ്രനാണ് ഡൂഡിലിന് പിന്നിലെ മലയാളി സ്പർശം. ബാലാമണിയമ്മയ്‌ക്ക് ആദരം നൽകാൻ തീരുമാനിച്ച ഗൂഗിൾ ടീം ദേവികയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലും മറ്റുമുള്ള ചിത്രങ്ങൾ കണ്ട് ന്യൂയോർക്ക് ഓഫീസിൽ നിന്ന് ബന്ധപ്പെടുകയായിരുന്നു.
ബാലാമണിയമ്മയെ വരയ്‌ക്കാൻ ഒരു മാസത്തിലേറെ സമയവും ദേവികയ്‌ക്ക് നൽകി. ദേവിക വരച്ച പല ചിത്രങ്ങളിൽ നിന്ന് തിരഞ്ഞെടുത്തതാണ് ഡൂഡിലായി മാറിയത്.
ചിറ്റഞ്ഞൂർ കോവിലകത്ത് കുഞ്ഞുണ്ണിരാജയുടെയും നാലപ്പാട്ട് കൊച്ചുകുട്ടിയമ്മയുടെയും മകളായി തൃശൂർ ജില്ലയിലെ നാലപ്പാട്ട് തറവാട്ടിലാണ് ബാലമണിയമ്മയുടെ ജനനം. മലയാളത്തിന്റ പ്രിയ കഥാകാരി കമലാ സുരയ്യയുടെ അമ്മയാണ് ബാലാമണിയമ്മ. കവി നാലപ്പാട്ട് നാരയണ മേനോൻ അമ്മാവനാണ്. മാതൃവാത്സല്യമാണ് കവിതകളിലെ പ്രധാന ഭാവം. 1934 ൽ പുറത്തിറങ്ങിയ അമ്മ എന്ന കവിത മുതൽ 1988 ൽ പുറത്തിറങ്ങിയ മാതൃഹൃദയം എന്ന കവിത വരെ അത് നീണ്ടു നിൽക്കുന്നു.
കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാവുമടക്കം നേടിയ കവയത്രിയെ രാജ്യം 1987 ൽ പത്മഭൂഷൺ നൽകി ആദരിച്ചു. 1991 ൽ ആശാൻ പുരസ്‌കാരവു 93 ൽ ലളിതാംബിക അന്തർജനം പുരസ്‌കാരവും വള്ളത്തോൾ പുരസ്‌കാരവും ബാലാമണിയമ്മയെ തേടിയെത്തി.1995 ൽ മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനയ്‌ക്ക് എഴുത്തച്ഛൻ പുരസ്‌കാരവും ബാലമണിയമ്മയ്‌ക്ക് ലഭിച്ചിട്ടുണ്ട്.















