ഡൽഹി: കെ റെയിൽ പദ്ധതിയുടെ സാങ്കേതികത സംബന്ധിച്ച് മതിയായ വിശദാംശങ്ങൾ ഡിപിആറിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ലോക്സഭയിൽ എംപി ഹൈബി ഈഡന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അലൈൻമെന്റ് പ്ലാൻ, പദ്ധതിയുമായി ബന്ധപ്പെട്ട റെയിൽവെ ഭൂമിയുടെയും സ്വകാര്യഭൂമിയുടെയും വിശദാംശങ്ങൾ, നിലവിലുള്ള റെയിൽവേ ശൃംഖലയിലൂടെയുള്ള ക്രോസിങ്ങുകൾ എന്നിവയെപ്പറ്റിയുള്ള കൃത്യമായ സാങ്കേതിക രേഖകൾ സിൽവർ ലൈൻ അധികൃതരോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവ നൽകിയിട്ടില്ലെന്ന് മന്ത്രി ലോകസഭയിൽ പറഞ്ഞു.
ബന്ധപ്പെട്ട അധികൃതരിൽ നിന്നും കൃത്യമായ വിശദാംശങ്ങൾ ലഭിക്കേണ്ടതുണ്ട്. അതിനുശേഷം മണ്ണിന്റെ അവസ്ഥ, പ്രകൃതിദത്തമായ ഡ്രെയിനേജ്, പാരിസ്ഥിതിക പ്രശ്‌നങ്ങൾ, പരസ്പര പ്രവർത്തനക്ഷമത, കടബാധ്യത എന്നിവയെല്ലാം പരിശോധിക്കേണ്ടതുണ്ട്.
പദ്ധതിയുമായി ബന്ധപ്പെട്ട് റെയിൽവേ മന്ത്രാലയത്തിൽ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. കെ റെയിൽ അധികൃതരിൽ നിന്നും വിശദാശങ്ങൾ ലഭിച്ച ശേഷം പാരാതികൾക്ക് കാരണമായ പ്രശ്നങ്ങൾ പരിശോധിക്കുമെന്നും മന്ത്രി മറുപടി പറഞ്ഞു.















