തിരുവനന്തപുരം: കർക്കിടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ വിവിധയിടങ്ങളിൽ മദ്യനിരോധനം. തിരുവനന്തപുരം കോർപ്പറേഷൻ, വർക്കല മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെയും, അരുവിക്കര- പെരുങ്കടവിള ഗ്രാമ പഞ്ചായത്തുകളിലുമാണ് മദ്യത്തിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലാ കളക്ടറുടേത് ആണ് നടപടി.
1967ലെ അബ്കാരി ആക്ട് വകുപ്പ് 54 പ്രകാരമാണ് മദ്യ നിരോധം ഏർപ്പെടുത്തി കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്. ജൂലൈ 27 ന് രാത്രി 12 മുതൽ 28 ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് നിരോധനം. ഉച്ചവരെ മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ മദ്യശാലകൾ തുറന്ന് പ്രവർത്തിക്കില്ല.
കർക്കിടകവാവ് ദിനത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേർ ബലിതർപ്പണത്തിനായി ഒത്തുകൂടും. ഈ വേളയിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനും, സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് മദ്യനിരോധനം ഏർപ്പെടുത്തുന്നതെന്ന് കളക്ടറുടെ ഉത്തരവിൽ പറയുന്നു.
Comments