ചരിത്ര നിമിഷത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. ആദ്യമായി ഒരു ഗോത്രവനിത ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പരമോന്നത പദവയിലേയ്‌ക്ക് എത്തിയിരിക്കുകയാണ്. ഗോത്രവിഭാഗത്തിൽ നിന്നും സ്വപ്രയത്‌നം കൊണ്ട് വിജയം നേടിയ ഒരു വനിത രാജ്യത്തെ ഏറ്റവും ഉന്നതമായ പദവി അലങ്കരിക്കുമ്പോൾ ഓരോ ഭാരതീയനും ഹൃദയം തൊട്ട് അഭിമാനിക്കാം. കുടുംബവാഴ്ചയും സ്വകാര്യസമ്പത്തുകളും പതിറ്റാണ്ടുകളായി ആധിപത്യം പുലർത്തുന്ന ഒരു രാഷ്‌ട്രീയ സംവിധാനത്തിൽ ദ്രൗപദി മുർമു ഒരു പുതിയ തുടക്കമാണ്.
1958 ജൂൺ 20 ന് ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ ഉപർബേഡ ഗ്രാമത്തിൽ ബിരാഞ്ചി നാരായൺ ടുഡുവിന്റെ മകളായി സാന്താൾ ഗോത്രവർഗ കുടുംബത്തിലാണ് ദ്രൗപദി മുർമുവിന്റെ ജനനം. റൈരംഗ്പൂരിൽ അദ്ധ്യാപികയായി ജീവിതം ആരംഭിച്ചു. പിന്നീട് സംസ്ഥാന ജലസേചന വകുപ്പിൽ ജൂനിയർ അസിസ്റ്റന്റായി. തന്റെ തൊഴിൽപരമായ ചുമതലകൾ വളരെ ആത്മാർത്ഥതയോടെ നിർവ്വഹിച്ച മുർമുവിന്റെ യഥാർത്ഥ നിയോഗം പൊതുസേവനമായിരുന്നു.
താഴേത്തട്ടിൽ നിന്നും പ്രവർത്തനം ആരംഭിച്ച മുർമു, 1997 ൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച് റൈരംഗ്പൂർ നഗർ പഞ്ചായത്തിൽ കൗൺസിലറായി തുടങ്ങി. മൂന്ന് വർഷങ്ങൾക്ക് ശേഷം അതേ മണ്ഡലത്തിൽ നിന്നും നിയമസഭയിലേയ്‌ക്ക് മത്സരിച്ച് വിജയം നേടി. റൈരംഗ്പൂർ മണ്ഡലത്തിൽ നിന്ന് രണ്ടു തവണ എംഎൽഎയായി അവർ ജനങ്ങളെ സേവിച്ചു. 2007 ൽ ഒഡിഷാ നിയമസഭയിലെ ഏറ്റവും മികച്ച എംഎൽഎ ആയി ദ്രൗപദി മുർമു തിരഞ്ഞെടുക്കപ്പെട്ടു.
ഒരു മന്ത്രിയെന്ന നിലയിലും അവർ കൈകാര്യം ചെയ്തത് വാണിജ്യം, ഗതാഗതം, ഫിഷറീസ്, മൃഗ വിഭവ വികസനം തുടങ്ങിയ നിർണായക വകുപ്പുകളാണ്. വികസനോന്മുഖവും അഴിമതി രഹിതവുമായിരുന്നു മുർമ്മൂവിന്റെ മന്ത്രി കാലഘട്ടം. 2015 ൽ ജാർഖണ്ഡിലെ ഗവർണറായി മുർമ്മൂ സത്യ പ്രതിജ്ഞ ചെയ്തപ്പോൾ ചരിത്രം തിരുത്തി കുറിയ്‌ക്കുകയായിരുന്നു. ഒഡിഷയിലെ ഗോത്ര വർഗത്തിൽ നിന്ന് ഗവർണറാകുന്ന ആദ്യ വനിതയായി ദ്രൗപദി മുർമ്മൂ സത്യപ്രതിജ്ഞ ചെയ്തപ്പോൾ സാധാരണക്കാർക്ക് ആസാധ്യമായതൊന്നുമില്ല എന്ന് തെളിയിക്കുകയാണ് ചെയ്തത്.
പൊതുപ്രവർത്തന ജീവിതത്തിൽ ആത്മസമർപ്പണത്തോടെ അർപ്പണബോധത്തോടെ സേവനം നടത്തിയ മുർമുവിന് വ്യക്തിജീവിതത്തിൽ നേരിടേണ്ടി വന്നത് വലിയ ദുരന്തങ്ങളെയാണ്. തന്റെ ഭർത്താവിനെയും മക്കളെയും നഷ്ടപ്പെട്ടതിന്റെ വേദന വരിഞ്ഞു മുറുകുമ്പോഴും തളർന്ന് വീഴാനോ, തകർന്ന് പോകാനോ അവർ തയ്യാറായിരുന്നില്ല. ദുരന്തങ്ങളുടെ നിഴൽ വേട്ടയാടുമ്പോഴും നാടിന് വേണ്ടിയും ജനങ്ങൾക്ക് വേണ്ടിയും മുർമു പോരാടി.
അശരണർക്ക് തുണയാകാനും, അവഗണിക്കപ്പെടുന്ന ജനതയെ കൈപിടിച്ചുയർത്താനും ദ്രൗപതി മുർമുവെന്ന ഭാരതത്തിന്റെ അഭിമാന പുത്രി എന്നും മുന്നിലുണ്ടായിരുന്നു. വെല്ലുവിളികൾ നിറഞ്ഞ ഭൂതകാലത്തിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടും, തനിക്ക് നേരിടേണ്ടി വന്ന ദുരിതങ്ങളെ തന്റെ കരുത്താക്കി മാറ്റിയും മുർമ്മു ഭാരതത്തിന്റെ പ്രഥമ പൗരയാകുമ്പോൾ ഇക്കാലമത്രയും അവഗണിക്കപ്പെട്ടിരുന്ന മാറ്റി നിർത്തപ്പെട്ടിരുന്ന ഒരു ജനവിഭാഗത്തിന് ആത്മവിശ്വാസവും ആത്മാഭിമാനവും നൽകുകയാണ്.
സ്വയം ബുദ്ധിജീവികളെന്നും പുരോഗമനവാദികളെന്നും വിശേഷിപ്പിക്കുന്ന കമ്യൂണിസ്റ്റുകൾക്കും കുടുംബവാഴ്ചയുടെ പഴകിയ കുപ്പായത്തിൽ നിന്നും പുറത്തു കടക്കാത്ത കോൺഗ്രസുകാർക്കും ബിജെപി നൽകുന്ന സന്ദേശം കൂടിയാണിത്. സവർണ്ണ ഹിന്ദു ഫാസിസ്റ്റുകളെന്ന് മുദ്രകുത്താൻ ശ്രമിക്കുന്ന സംഘപരിവാർ രാഷ്‌ട്രീയത്തിന് രാഷ്‌ട്രത്തിന്റെ പ്രഥമ പൗരനെ തിരഞ്ഞെടുക്കാൻ അവസരം ലഭിച്ചത് വെറും മൂന്ന് തവണ മാത്രമാണ്. പക്ഷെ ആ മൂന്ന് തവണയും വിമർശകരുടെ വായ അടച്ചുള്ള മറുപടിയാണ് ബിജെപി നൽകിയത്. അബ്‌ദുൾ കലാം എന്ന ഇസ്ലാം വിശ്വാസിയ്‌ക്കും, പട്ടിക ജാതിക്കാരനായ രാംനാദ് കോവിന്ദിനും വനവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപദി മുർമുവിനും സംഘപരിവാർ അവസരം നൽകുമ്പോൾ തകരുന്നത് വിമർശകർ കെട്ടിപ്പൊക്കിയ കെട്ടുക്കഥകളുടെ ചീട്ടുകൊട്ടാരമാണ്. എന്തായിലും ഭാരതമെന്ന ജനാധിപത്യ രാഷ്‌ട്രത്തിന്റെ സൗന്ദര്യത്തെ ഓർത്ത് നമുക്ക് അഭിമാനിക്കാം.















Comments